മുഖ്യമന്ത്രിക്കസേരയില്‍ 1827 ദിനം; റെക്കോഡ് നേട്ടവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആരൊക്കെ വാഴും വീഴുമെന്നതില്‍ ഇന്നു വിധിവരാനിരിക്കെ അപൂര്‍വ റെക്കോഡുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒറ്റടേമില്‍ ഏറ്റവും കൂടുതല്‍ ദിനം മുഖ്യമന്ത്രിയായിരുന്ന റെക്കോഡാണ് ഉമ്മന്‍ചാണ്ടി സ്വന്തമാക്കിയത്. പ്രതിസന്ധികളും അഴിമതി ആരോപണങ്ങളും നേരിട്ടിട്ടും 1827 ദിവസമാണ് ഉമ്മന്‍ചാണ്ടി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1822 ദിവസം മുഖ്യമന്ത്രി കസേരയിലിരുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ റെക്കോഡാണ് ഉമ്മന്‍ചാണ്ടി മറികടന്നത്.
അടിയന്തരാവസ്ഥ കാലയളവില്‍ സി അച്യുതമേനോന്‍ ഇതിലുമേറെ ദിവസങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടുണ്ടെങ്കിലും ഒറ്റ ടേമിലായിരുന്നില്ല. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മന്ത്രിസഭയുടെ കാലാവധി അവസാനിച്ചെങ്കിലും അടിയന്തരാവസ്ഥയെ തുടര്‍ന്ന് രണ്ടുവര്‍ഷം കൂടി അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തില്‍ തുടരുകയായിരുന്നു.
2011ല്‍ 72-68 എന്ന ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേവലം നാലുപേരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ഈ സര്‍ക്കാര്‍ അധികനാള്‍ തുടരില്ലെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇതിനു ബലംനല്‍കി ഒന്നിനുപിറകെ അഴിമതി ആരോപണങ്ങളും കാലുമാറ്റങ്ങളും പ്രകടമായി. പ്രതിപക്ഷത്തിന്റെ നിരവധി ആരോപണങ്ങളേയും സമരകോലാഹലങ്ങളെയും അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി 5 വര്‍ഷം പൂര്‍ത്തീകരിച്ചത്.
സോളാര്‍, ബാര്‍കോഴ, ഭൂമിദാനം, പാറ്റൂര്‍ തുടങ്ങി അഴിമതി ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല. രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കിടെ കക്ഷിനിലയില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ഈ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴും കക്ഷിനില 72- 68 തന്നെയാണെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it