kasaragod local

മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തത് നാലുകോടിയോളം രൂപ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ ഈവനിങ് ബ്രാഞ്ചിലും മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തത് മൂന്നുകോടി 96 ലക്ഷം രൂപ. നായന്മാര്‍മൂല ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് 3,56, 62,766 രൂപയും വിദ്യാനഗറിലെ ഈവനിങ് ബ്രാഞ്ചില്‍ 22,25,000 രൂപയും തട്ടിയെടുത്തിട്ടുണ്ട്. വിദ്യാനഗറിലെ ഈവനിങ് ബ്രാഞ്ചില്‍ അപ്രൈസറുടെ ഒത്താശയോടെ 13,19,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചിരുന്നു. എന്നാല്‍ ഈ സ്വര്‍ണാഭരണങ്ങള്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രണ്ട് അപ്രൈസര്‍മാരേയും മറ്റു രണ്ട് തട്ടിപ്പുകാരേയും അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍ പണയംവച്ച ഇടപാടുകാര്‍ ആശങ്കപെടേണ്ടതില്ലെന്നും ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒന്നിന് ഹാരിസ് എന്ന വ്യക്തി ഇവിടെ സ്വര്‍ണം പണയംവച്ച് ഏഴ് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി ഇയാളെ തിരിച്ചുവിളിച്ച് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് നാല് കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്. അപ്രൈസര്‍മാരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നത്. നായന്മാര്‍മൂല ബ്രാഞ്ച് കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന വന്ദന ജ്വല്ലറി ഉടമ ടി എസ് സതീഷന്‍, ഇയാളുടെ സഹോദരന്‍ സത്യപാലന്‍ എന്നിവരാണ് ബാങ്കിലെ അപ്രൈസര്‍മാര്‍. ഇവര്‍ നിര്‍മിച്ചുനല്‍കുന്ന മുക്കുപണ്ടം പണയം വച്ചാണ് പണം തട്ടിയത്. ബാങ്കിലെ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പരിശോധിച്ചുകഴിഞ്ഞതായും സംഭവത്തെ കുറിച്ച്  ഉന്നതതല അന്വേഷണം വേണമെന്നും ബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.അതേസമയം ബാങ്കിലെ വിദ്യാനഗര്‍ ശാഖയില്‍ പണയംവച്ച് 13,19,000 രൂപ വായ്പ എടുത്ത സംഭവത്തില്‍ മുക്കുപണ്ടം കാണാതായതും വിവാദമായിട്ടുണ്ട്. ചില ജീവനക്കാരുടെ ഒത്താശയോടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍, ഇരിയണ്ണി സ്വദേശിനി വിജയലക്ഷ്മി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍ ഹാജി, സെക്രട്ടറി ഇ വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് അച്ചേരി ബാലകൃഷ്ണന്‍, മഹമൂദ് തൈവളപ്പ്, സലീം എടനീര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it