Idukki local

മുക്കുപണ്ടം പണയംവച്ച് തട്ടിയത് 62,000 രൂപ; യുവാക്കള്‍ പിടിയില്‍

തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ 62000 രൂപയുടെ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ യുവാക്കള്‍ പിടിയില്‍.തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുള്ളതായി പോലിസിനു വിവരം ലഭിച്ചു. മൂവാറ്റുപുഴ മണ്ണത്തൂര്‍ വട്ടനാംകുന്നേല്‍ വി സനല്‍കുമാര്‍ (37), ആരക്കുഴ മാരിയില്‍ അനീഷ്(43) എന്നിവരാണ് പിടിയിലായത്. മുക്കുപണ്ടം നിര്‍മിച്ച കോതമംഗലം സ്വദേശി ബാവയെ പോലിസ് തിരഞ്ഞ് വരികയാണ്. 2014 ജൂണിലാണ് ഒന്നാം പ്രതിയായ സനല്‍ തൊടുപുഴയിലെ സിറ്റി ഫൈനാന്‍സ്, എസ്എസ്‌ജെ ഫൈനാന്‍സ് എന്നിവിടങ്ങളില്‍ മുക്കുപണ്ടം പണയം വെക്കുന്നത്. രണ്ട് ധനകാര്യ സ്ഥാപനങ്ങളിലും കൃത്യമായ രേഖകള്‍ ഹാജരാക്കിയാണ് പണയം വച്ചത്.
ഇയാള്‍ക്ക് മുക്കുപണ്ടം നല്‍കിയ ആളാണ് അനീഷ്. പിന്നീട് ഉരുപടി തിരിച്ചെടുക്കാന്‍ ആളെത്താതെ വന്നതോടെ ഇരു സ്ഥാപനങ്ങളും അടുത്തടുത്ത ദിവസങ്ങളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇത് വില്‍ക്കാന്‍ തീരുമാനിച്ചു.വാങ്ങാനെത്തിയവര്‍ വളകള്‍ മുറിച്ച് നോക്കിയപ്പോഴാണ് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം കണ്ടെത്തിയത്.അകര്‍ഷകമായ ഡിസൈനിലാണ് വളകളുടെ നിര്‍മാണം. എസ്എസ്‌ജെ ഫൈനാന്‍സില്‍ നിന്നു മൂന്ന് വള പണയം വച്ച് 50,000 രൂപയും സിറ്റി ഫൈനാന്‍സില്‍ നിന്നും ഒരു വള പണയം വച്ച് 12,000 രൂപയുമാണ് തട്ടിയത്.സംഭവത്തില്‍ ഇരുവരെയും പ്രതി ചേര്‍ത്ത് പോലിസ് രണ്ട് കേസ് എടുത്തിട്ടുണ്ട്.
വളരെ വിദഗ്ധമായി നിര്‍മിച്ചതാണ് വളകളെന്നും ഉരച്ച് നോക്കിയാലും മുറിച്ച് നോക്കിയാല്‍ ഇവ ഡ്യൂപ്ലിക്കേറ്റാണോ എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും പോലിസ് പറഞ്ഞു. ഇത്തരത്തില്‍ മറ്റ് എവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.കോതമംഗലം സ്വദേശി ബാബ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.ആധുനിക രീതിയാല്‍ പരിശോധന നടത്തിയാലും കണ്ടെത്താനാവാത്ത വിധത്തിലാണ് വളകളുടെ നിര്‍മാണം.തൊടുപുഴ പോലിസ് കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികളെ പിടികൂടിയത്.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ അരുണ്‍നാരായണ്‍, അഡീ. എസ്‌ഐ വി എം ജോസഫ്, സിയാദ്, അനസ് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രതികളെ പിടികൂടിയത്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് തൊടുപുഴ പോലിസ്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it