thiruvananthapuram local

മുക്കുന്നിമല പാറഖനനം: ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകള്‍ പഞ്ചായത്ത് നിരസിച്ചു

ബാലരാമപുരം: മുക്കുന്നിമലയില്‍ ഖനനത്തിനുള്ള ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചു. അനധികൃത ക്വാറികള്‍ക്കെതിരേ കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടുകാര്‍ നടത്തിവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ പരിഗണിച്ചാണ് അപേക്ഷകള്‍ തള്ളിയ അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റിയുടെ തീരുമാനം തുടരാന്‍ പള്ളിച്ചല്‍ പഞ്ചാത്ത് തീരുമാനിച്ചത്.
മലയിന്‍കീഴ് വിളവൂര്‍ക്കല്‍ സ്വദേശികളായ വസുന്ധരന്‍ നായര്‍, വി സുധാകരന്‍, തിരുമല ഇലിപ്പോട് സ്വദേശി കെ ചന്ദ്രന്‍ എന്നിവരാണ് ലൈസന്‍സ് പുതുക്കാന്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അപേക്ഷ നല്‍കിയിരുന്നത്. ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷകള്‍ പഠിച്ച ശേഷം പുതുക്കി നല്‍കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ പഞ്ചായത്ത് ഭരണം നവംബറില്‍ അവസാനിച്ചു.
തുടര്‍ന്ന് പുതിയഭരണ സമിതി നിലവില്‍ വരുന്നതുവരെ ചുമതല നല്‍കിയിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പഠനം നടത്തിയ ശേഷം അപേക്ഷ നിരസിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് റബര്‍ കൃഷി നടത്തുന്നതിന് പതിച്ചു നല്‍കിയിരിക്കുന്ന ഭൂമിയിലാണ് അനധികൃതമായി പാറഖനനം നടക്കുന്നതെന്നും ഇതിന് ലൈസന്‍സ് പുതുക്കുന്നതിനാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും അപേക്ഷ തള്ളാനുള്ള കാരണമായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല അപേക്ഷകര്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് നാളുകള്‍ക്ക് ശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്നും സൂചിപ്പിച്ചിരുന്നു.
സ്വതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കിയ ഭൂമിക്ക് പുറമേ പ്രദേശവാസികളില്‍നിന്നും തുച്ഛമായ വിലക്ക് വാങ്ങിയ ഏക്കറ് കണക്കിന് ഭൂമിയിലുമാണ് ക്വാറിമാഫിയ ഖനനം നടത്തുന്നത്. ഖനനത്തെ തുടര്‍ന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗതെത്തി. എന്നാല്‍ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധിച്ചവരെ ക്വാറി ഉടമകള്‍ അടിച്ചമര്‍ത്തി. ഇതോടെ സമരം കൂടുതല്‍ ശക്തമായെങ്കിലും പള്ളിച്ചല്‍ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി ക്വാറി ഉടമകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
പ്രശ്‌നം സംസ്ഥാന ശ്രദ്ധയാകര്‍ശിക്കുകയും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
Next Story

RELATED STORIES

Share it