kozhikode local

മുക്കത്ത് കടവ് പാലം: നിര്‍മാണ പ്രവൃത്തി ഇനിയും തുടങ്ങിയില്ല

കൊടുവളളി: ആരാമ്പ്രം, മുക്കത്ത് കടവില്‍ പൂനൂര്‍ പുഴക്ക് കുറുകെ മടവൂര്‍ പഞ്ചായത്തിനെ കുന്ദമംഗലം പഞ്ചായത്തുമായി ബന്ധിപ്പിച്ച് നിര്‍ക്കാനുദ്ദേശിക്കുന്ന പാലത്തിന് ശിലയിട്ടിട്ട് നാളെക്ക് അഞ്ചു വര്‍ഷം പിന്നിടുന്നു.
2011 ഫെബ്രവരി 28ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം, അഡ്വ. പിടിഎ റഹീം എംഎല്‍എയുടെ അധ്യക്ഷതയിലാണ് മുക്കത്ത് കടവ് പാലത്തിന് ശിലയിട്ടത്.
2010ലെ ബജറ്റില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് കൊടുവളളി നിയോജക മണ്ഡലത്തിലെ അഞ്ച് പാലങ്ങള്‍ക്ക് 40 ലക്ഷം രൂപ വീതം അനുവദിച്ചതില്‍ മൊക്കത്ത് കടവ് പാലവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. അന്നത്തെ ശിലാഫലകം മുക്കത്ത് കടവിലെ ഒരു വീടിന് മുകളില്‍ സൂക്ഷിച്ച നിലയിലാണ്. ആദ്യ പണിക്കാവശ്യമായ ഫണ്ട് തികയാത്തതിനാല്‍ പിന്നീട് റീ എസ്റ്റിമേറ്റടുത്ത് ഒരു കോടി രൂപയിലധികംരൂപക്ക് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു.
പാലം വരുന്നതോടെ മടവൂര്‍ പഞ്ചായത്തിലെ പുളളിക്കോത്ത്, ചോലക്കരത്താഴം എന്നീ പ്രദേശത്തുളള ആളുകള്‍ക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം വഴി ദേശീയപാത(212) മായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കും. വര്‍ഷകാലത്ത് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് പടനിലം പാലം വഴിയോ ഉണ്ടോടിക്കടവ് നടപ്പാലം വഴിയോ ആണ് ഇവര്‍ മറുകര പറ്റുന്നത്. അഞ്ചു വര്‍ഷമായി ഫലകത്തിലൊതുങ്ങിയ പാലം യാഥാര്‍ത്യമാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it