Kollam Local

മുക്കത്തും താന്നിയിലും കടല്‍ കയറ്റം രൂക്ഷം

കൊല്ലം:മുക്കത്തും താന്നിയിലും കടല്‍ കയറ്റം ശക്തമായതോടെ തീരദേശം വലിയതോതില്‍ കടലിലേക്ക് ഇടിഞ്ഞിറങ്ങുന്നു.

ജലവിതാനം ഉള്‍ക്കൊള്ളാനാകാത്തവിധം പരവൂര്‍ കായല്‍ നികന്നത് കടല്‍ കയറ്റത്തിന്റെ രൂക്ഷത കൂട്ടി.പ്രകൃതിദത്ത പൊഴി മൂടി ചീപ്പ് നിര്‍മ്മിച്ചെങ്കിലും ഷട്ടറുകള്‍ തുറന്നുകിടക്കുന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ മലയോരത്തുനിന്ന് ഇത്തിക്കരയാറ്റിലൂടെ ഒഴുകിയെത്തുന്ന മലവെള്ളം കുത്തിയൊലിച്ച് കടലില്‍ പതിക്കുകയാണ്. വേലിയേറ്റത്തില്‍ കടലില്‍നിന്ന് വലിയതോതില്‍ മണ്ണടിഞ്ഞ് കായലും നികന്നു. മുക്കത്തും താന്നിയിലും വലിയ തുരുത്തുകളാണ് കായലില്‍ രൂപം കൊണ്ടിട്ടുള്ളത്. കൊല്ലം ബീച്ച് മുതല്‍ മയ്യനാട് മുക്കം വരെയുള്ള ഭാഗത്താണ് റോഡിന് ഏറ്റവും കൂടുതല്‍ തകരാര്‍ സംഭവിച്ചിട്ടുള്ളത്.
ഈ മേഖലയിലാണ് കടലാക്രമണവും പലപ്പോഴും രൂക്ഷമാകാരുള്ളത്.ലക്ഷ്മിപുരം തോപ്പ് ഭാഗത്ത് എട്ട് പുലിമുട്ടുകള്‍ സ്ഥാപിച്ചതോടെ കാക്കത്തോപ്പ് ഭാഗത്ത് കടലാക്രമണം രൂക്ഷമായിരിക്കയാണ്. ഈ ഭാഗത്ത് തീരദേശറോഡ് ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയുമുണ്ട്. ഇതുകാരണം പുലിമുട്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് പാറയടുക്കി റോഡ് ബലപ്പെടുത്ത ജോലികള്‍ തുറമുഖ എന്‍ജിനീയറിങ് വകുപ്പ് അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്.കായല്‍ കവിഞ്ഞ് ജലം കടലിലെത്തുന്നത് കരയിടിച്ചിലിനും കടല്‍ക്ഷോഭത്തിനും കാരണമാകുന്നു.
പുലിമുട്ടുകള്‍ക്ക് നാശം സംഭവിച്ചു. മഴ രൂക്ഷമാകുന്നതോടെ പ്രശ്‌നം ഗുരുതരാവസ്ഥയിലാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഭയം. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ലീന ലോറന്‍സ് ആവശ്യപ്പെട്ടു. റോഡില്‍ പലയിടത്തും വന്‍ കുണ്ടും കുഴികളും രൂപപ്പെട്ട് തുടങ്ങി. ശക്തമായ കടലാക്രമണവും അനവസരത്തിലുള്ള അധികൃതരുടെ പാറയടുക്കലുമാണ് റോഡ് തകരാനുള്ള പ്രധാന കാരണം. പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് മുപ്പതോളം ടോറസ് ലോറികള്‍ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതുകാരണം പലപ്പോഴും ഗതാഗത തടസവും അനുഭവപ്പെടുന്നു. കൂറ്റന്‍ പാറകളും വഹിച്ച് അമിതഭാരവുമായി വരുന്ന ടോറസ് ലോറികള്‍ മറ്റ് യാത്രികര്‍ക്കും ഭീഷണി ആയിരിക്കയാണ്. മാത്രമല്ല ഇവയുടെ അമിതഭാരം കാരണം അടുത്തിടെ ടാര്‍ ചെയ്ത റോഡ്‌പോലും പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞു. ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര പോലും ദുസഹമാണ്. മഴ ഇനിയും കനത്താല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്നതാണ് സ്ഥിതി.
Next Story

RELATED STORIES

Share it