kannur local

മുക്കടവില്‍ ഫഌറ്റിനു വേണ്ടി വീടൊഴിഞ്ഞവര്‍ പെരുവഴിയില്‍; അഞ്ചുവര്‍ഷമായി 24 കുടുംബങ്ങള്‍ക്ക് നരകയാതന

കണ്ണൂര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ഫഌറ്റ് നിര്‍മിച്ചു നല്‍കുന്ന ഐഎച്ച്എസ്ഡിപി പദ്ധതിക്കായി വീടൊഴിഞ്ഞവര്‍ പെരുവഴിയില്‍. കേന്ദ്ര പദ്ധതിക്കു വേണ്ടി കിടപ്പാടം പൊളിച്ചുമാറ്റിയ 24 കുടുംബങ്ങളാണ് അഞ്ചുവര്‍ഷത്തിലേറെയായി നരകയാതന അനുഭവിക്കുന്നത്. കണ്ണൂര്‍ സിറ്റി മുക്കടവ് വാര്‍ഡിലെ അരിബസാര്‍ കോളനിയിലാണ് അധികൃതരുടെ അവഗണനയില്‍ എന്തുചെയ്യണമെന്നറിയാതെ വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്നവര്‍ കഴിയുന്നത്. ആറ് മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന ഉറപ്പില്‍ കാലങ്ങളായി വസിക്കുന്ന ലൈന്‍ മുറി ഒഴിഞ്ഞുകൊടുത്ത മല്‍സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ളവരാണ് വഞ്ചനയ്ക്കിരയായത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫഌറ്റാവട്ടെ ഒരു കടമുറിയേക്കാള്‍ ഇടുങ്ങിയതും നിന്നു തിരിയാനിടമില്ലാത്ത കൂരയുമാണ്. അധികൃതരുടെ ഉറപ്പില്‍ വീടൊഴിഞ്ഞവര്‍വാകയിനത്തിലായി മൂന്നു ലക്ഷത്തിലേറെ രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. വാടക കൊടുക്കാന്‍ പോലും കഴിവില്ലാത്തവര്‍ പ്രദേശത്തെ ബന്ധുവീടുകളിലും മറ്റും അഭയം തേടുകയാണ്. പദ്ധതി തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫഌറ്റ് നിര്‍മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന ഒരുറപ്പും അധികൃതര്‍ക്കു നല്‍കാനാവുന്നില്ല.2011 ഡിസംബര്‍ നാലിനാണ് സിറ്റി ബീച്ച് റോഡില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫഌറ്റുകളുടെ നിര്‍മാണോദ്ഘാടനം നടത്തിയത്.
അന്നത്തെ എംപി കെ സുധാകരന്‍, കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ, വാര്‍ഡ് കൗണ്‍സിലര്‍ ടി കെ നൗഷാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആറു മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഈ ഉറപ്പില്‍ വീടുകള്‍ പൊളിച്ചുമാറ്റാന്‍ കാട്ടിയ ആവേശം അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെയാണ് കുടുംബങ്ങള്‍ പെരുവഴിയിലായത്. ഇപ്പോള്‍ ഒരു ഭാഗത്തെ 12 വീടുകളുടെ പണി പൂര്‍ത്തിയായെന്ന് പറയുമ്പോഴും ഇതിലും തട്ടിപ്പ് പ്രകടമാണ്. വൈദ്യുതീകരണവും കുടിവെള്ള സംവിധാനവും മാത്രമല്ല, സീലിങിനു ഹുക്കിടാന്‍ പോലും വീട്ടുടമകള്‍ തന്നെ പണം മുടയ്ക്കണം.പദ്ധതിയുടെ ഭാഗമായി എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് ലൈന്‍ മുറികള്‍ പൊളിച്ചുതുടങ്ങിയത് 2010 മാര്‍ച്ച് ഏഴിനാണ്.
നഗരസഭയുടെ അറിയിപ്പ് വന്നതു മുതല്‍ ചില കുടുംബങ്ങള്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ ചിലരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി എല്ലാവരും വീടൊഴിയുകയായിരുന്നുവെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. മാര്‍ച്ച് ഏഴിനു മുമ്പ് കിടപ്പാടവും വീട്ടു സാധനങ്ങളും മാറ്റണമെന്നായിരുന്നു അറിയിപ്പ്.
ആറ് മാസത്തേക്ക് മാത്രമെന്ന അധികൃതരുടെ ഉറപ്പില്‍ പിന്നീട് വാടകവീട് തേടി അലയുകയായിരുന്നു. കുറച്ചുപേര്‍ക്ക് അരിബസാറില്‍ തന്നെ ചെറിയ വീടുകള്‍ വാടകയ്ക്ക് ലഭിച്ചു. മറ്റ് ചിലര്‍ സിറ്റി ഭാഗങ്ങളിലും സമീപ പ്രദേശത്തേക്കും പാലായനം ചെയ്തു. ഭീമമായ വാടക താങ്ങാന്‍ കഴിയാതെ ചിലര്‍ ബന്ധുക്കളുടെ വീടുകളിലും അഭയം തേടി. ഏഴ് പെണ്‍മക്കള്‍ വരെയുള്ള കുടുംബനാഥന്റെ വീടുകള്‍ വരെ പൊളിച്ചു മാറ്റിയതോടെ വീടില്ലെന്ന ഒറ്റ കാരണം കൊണ്ട് പെണ്‍കുട്ടികളുടെ കല്ല്യാണം മുടങ്ങുക പോലുമുണ്ടായി. സ്വന്തം വീട്ടില്‍ മരിക്കാനുള്ള യോഗമില്ലാതെ ആറു വയോധികര്‍ മരണത്തിനു കീഴടങ്ങി. കടലോരത്തു നിന്നു വീടുവിട്ടവര്‍ മറ്റ് ജോലികള്‍ ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രയാസം നേരിടുകയാണ്. ആറു മാസത്തേക്ക് മാത്രം താമസിക്കാനെത്തിയ അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബം പ്രാഥമിക സൗകര്യം പോലുമില്ലാത്ത കുടുസ്സുമുറികളില്‍ തിങ്ങി ഞെരുങ്ങിക്കഴിയുകയാണ്. പാവങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതിയായിട്ടും അധികൃതരുടെ അനാസ്ഥ കാരണം അഞ്ചുവര്‍ഷമായി വാടക നല്‍കി താമസിക്കേണ്ട ഗതികേടിലാണിവര്‍. ആറ് മാസത്തെ കരാറിനു 2011ല്‍ തന്നെ പ്രവൃത്തി തുടങ്ങിയെങ്കിലും കരാറുകാരന്റെ അലംഭാവം കാരണമാണ് ആദ്യം പണി മുടങ്ങിയത്. ഒരു കുടംബത്തിന് രണ്ടുലക്ഷം രൂപ എന്നതായിരുന്നു ആദ്യം നീക്കി വച്ച തുക. എന്നാല്‍ നിര്‍മാണം നീണ്ടതോടെ തുകയുടെ വലിപ്പവും കൂടി. ഇപ്പോള്‍ ഒരു വീടിന് നാല് ലക്ഷം വരെ പോയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കാന്‍ മൊത്തം 80 ലക്ഷത്തിനു മുകളില്‍ തുക വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ വയറിങ് പ്രവൃത്തികള്‍അതാത് കുടുംബങ്ങള്‍ തന്നെ ചെയ്യണം. ഇതിന്റെ തുക പദ്ധതിയില്‍ നീക്കിവച്ചിട്ടില്ലെന്നാണ് അധികൃതരുടെ വാദം.
ദുരിതക്കയത്തിലായ കുടുംബങ്ങള്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ സി സമീര്‍, സെക്രട്ടറി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. അതേസമയം, 24 കുടുംബങ്ങള്‍ക്കും ഒരു മാസത്തിനുള്ളില്‍ വാടക വീടൊഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ കഴിയുമെന്ന് നഗരസഭാ മുന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അന്നത്തെ വാര്‍ഡ് കൗണ്‍സിലറുമായിരുന്ന ടി കെ നൗഷാദ് പറഞ്ഞു. കരാറുകാരന്റെ അനാസ്ഥയും ഫണ്ടിന്റെ ലഭ്യതയുനമാണ് പ്രവൃത്തിക്ക് തടസ്സമായത്. മുഴുവന്‍ പണിയും ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും വയറിങ് പ്രവൃത്തികള്‍ അതത് കുടുംബങ്ങള്‍ തന്നെയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it