മുംബൈ സ്‌ഫോടന പരമ്പര: മൂന്നുപേര്‍ക്കു മരണംവരെ തടവ്

മുംബൈ: 2002 ഡിസംബറിനും 2003 മാര്‍ച്ചിനുമിടയില്‍ മുംബൈയിലുണ്ടായ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുപേരെ പ്രത്യേക പോട്ട കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സ്‌ഫോടനം നടത്താന്‍ ബോംബ് സ്ഥാപിച്ച മുഖ്യപ്രതി മുസമ്മില്‍ അന്‍സാരി, ഫര്‍ഹാന്‍ ഖോട്ട്, ഡോ. വാഹിദ് അന്‍സാരി എന്നിവര്‍ക്കാണു പോട്ട കോടതി ജഡ്ജി പി ആര്‍ ദേശ്മുഖ് മരണംവരെ തടവ് വിധിച്ചത്. മറ്റ് ആറു പ്രതികള്‍ക്ക് രണ്ടുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സാക്വിബ് നാച്ചനെ 10 വര്‍ഷത്തെ തടവിനാണു ശിക്ഷിച്ചത്. എല്ലാ പ്രതികളില്‍ നിന്നും 9 ലക്ഷം രൂപവീതം പിഴ ഈടാക്കാനും ഇതിന്റെ 75 ശതമാനം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും ബാക്കി ഇന്ത്യന്‍ റെയില്‍വേയ്ക്കും നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.
2003 മാര്‍ച്ച് 13ന് മുളുന്ദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേരും അതിനു മുമ്പ് ജനുവരി 27ന് വിലെ പാര്‍ലെ മാര്‍ക്കറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാളുമായിരുന്നു കൊല്ലപ്പെട്ടത്. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതില്‍ വിചാരണാ വേളയില്‍ മരിച്ച രണ്ടുപേരെ കേസില്‍നിന്നൊഴിവാക്കിയിരുന്നു. ആറുപേരെ പിടികിട്ടാനുണ്ട്.
Next Story

RELATED STORIES

Share it