മുംബൈ വികസനപ്രവര്‍ത്തനങ്ങള്‍; ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം മാത്രമെന്നു മുന്നറിയിപ്പ്

മുംബൈ: ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ മുംബൈ—ക്കു ചുറ്റും ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നു മുന്നറിയിപ്പ്. ദേശീയ സമുദ്രവിജ്ഞാന സ്ഥാപനം (നഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി) പുറത്തിറക്കിയ റിപോര്‍ട്ടാണ് നഗരത്തിനു ചുറ്റുമുള്ള കടല്‍ നികത്തിയെടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ക്കു മുന്നറിയിപ്പ് നല്‍കിയത്.
ഏഴു ചെറു ദ്വീപുകളെ കൂട്ടിയോജിപ്പിച്ചു മുംബൈ നഗരം നിര്‍മിക്കുന്നതിനു പ്രാരംഭഘട്ടത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ കാര്യമായ പ്രത്യാഘാതമുണ്ടാക്കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ കാലാവസ്ഥയിലുണ്ടായ മാറ്റവും സമുദ്രവിതാനം ഉയരുന്നതുമാണ് ശാസ്ത്രീയ പഠനം അനിവാര്യമാക്കിയതെന്നു റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തില്‍ 0.4 കിലോമീറ്റര്‍ എന്ന തോതിലാണ് സമുദ്രവിതാനം ഉയരുന്നത്. സമുദ്രവിതാനം ഒരു മീറ്റര്‍ ഉയരുമ്പോള്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയ കിലോമീറ്ററുകളോളം കരഭാഗം വെള്ളത്തില്‍ മുങ്ങുമെന്നാണ് ഇതിനര്‍ഥം. മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ വെര്‍സോവ, മലാഡ് പോലെയുള്ള പ്രദേശങ്ങള്‍ക്കാണ് ഏറെ ഭീഷണി. കിഴക്കന്‍ പ്രദേശത്തെ അപേക്ഷിച്ച് അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പടിഞ്ഞാറന്‍ ഭാഗം താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ തീരത്തെ ഒഴുക്ക് മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്നതാണ്.
കഴിഞ്ഞ വര്‍ഷം മുംബൈ ട്രാന്‍സ്‌ഫോര്‍മേഷന്‍ സപ്പോര്‍ട്ട് യൂനിറ്റിന്റെ (എംടിഎസ്‌യു) നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ റിപോര്‍ട്ട് ഇത്തരത്തില്‍ ആദ്യത്തേതാണെന്നാണ് പറയപ്പെടുന്നത്. തീരപ്രദേശത്തു റോഡ് നിര്‍മിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക്, തിരമാലകള്‍ എന്നിവ റോഡിനെ എങ്ങിനെ ബാധിക്കുമെന്നതിനെക്കുറിച്ചു സമഗ്ര പഠനം നടത്തണമെന്ന് എംടിഎസ്‌യു ഏതലവന്‍ ബി ഖാതുവ പറഞ്ഞു.
സിഗ് സാഗ് രീതിയില്‍ തീരം കെട്ടിയെടുത്താല്‍ അത് ജലപ്രവാഹത്തിന്റെ ദിശയെ ബാധിക്കുമെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപോര്‍ട്ട് ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഖാതുവ അറിയിച്ചു.
ഏഴു ദ്വീപുകള്‍ക്കിടയിലുള്ള കല്ലുപാറകള്‍ കൂട്ടിയോജിപ്പിച്ചാണു മുംബൈ നഗരം നിര്‍മിച്ചതെന്നതിനാല്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നില്ല. 1960ല്‍ നരിമാന്‍ പോയിന്റിലെ ഉള്‍ക്കടല്‍ പ്രദേശത്തു നടന്ന പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. എന്നാല്‍ 2000ല്‍ ബാന്ദ്ര-വര്‍ലി കടലിനെ ബന്ധിപ്പിച്ചു നിര്‍മിച്ച പാലനിര്‍മാണം ജലപ്രവാഹത്തിന്റെ ദിശയെ കാര്യമായി ബാധിച്ചിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സമുദ്രവിതാനത്തെയും പരിഗണിക്കണമെന്നു ഖാതുവ പറഞ്ഞു.
ഒരു മീറ്റര്‍ സമുദ്രവിതാനം ഉയരുമ്പോള്‍ 57.2 ചതുരശ്ര കിലോമീറ്റര്‍ കരഭാഗം വെള്ളത്തില്‍ മുങ്ങിപ്പോവും. രണ്ടു മീറ്റര്‍ ഉയര്‍ന്നാല്‍ 91.7 ചതുരശ്ര കിലോമീറ്റര്‍ കരയും വെള്ളത്തിലാവും. 16.15 ചതുരശ്ര കിലോമീറ്ററിലുള്ള കെട്ടിടങ്ങളും ഉള്‍പ്പെടുമെന്ന് റിപോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ഭരണാധികാരികള്‍ ഈ വസ്തുതകള്‍ മനസ്സിലാക്കണമെന്നും ഖാതുവ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it