മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്; ദലിത് വിദ്യാര്‍ഥിക്കെതിരേ കള്ളക്കേസ് എടുത്തെന്ന് ആരോപണം

മുംബൈ: മുംെബെയിലെ പ്രശസ്തമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ അനൗപചാരികമായി സംഘടിപ്പിക്കപ്പെട്ട ഹിന്ദുത്വ എഴുത്തുകാരന്റെ പരിപാടിയെ തുടര്‍ന്ന് സ്ഥാപനത്തിലെ ദലിത് വിദ്യാര്‍ഥിക്ക് നേരെ കള്ളക്കേസ് എടുത്തെന്ന് ആരോപണം.
ഇന്തോ-അമേരിക്കന്‍ എഴുത്തുകാരനും ഹൈന്ദവ സാംസ്‌കാരിക ചരിത്രകാരനുമായ രാജീവ് മല്‍ഹോത്രയാണ് പ്രഭാഷണം നടത്തിയത്.
പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ മല്‍ഹോത്രയെ എതിര്‍ത്തുകൊണ്ട് ചോദ്യം ചോദിച്ച ദലിത് വിദ്യാര്‍ഥിക്ക് സദസ്സില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയില്‍നിന്ന് ജാതീയമായ പരാമര്‍ശമേല്‍ക്കേണ്ടി വന്നതായി സഹപാഠികള്‍ പറയുന്നു. ഇത് പിന്നീട് വിദ്യാര്‍ഥിയുടെ സുഹൃത്ത് ചോദ്യംചെയ്‌തെങ്കിലും സ്ത്രീ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് സംഘാടകരുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം വിളിച്ചു. ഇതിനു മറുപടിയായി സദസ്സില്‍നിന്ന് ആര്‍എസ്എസ് സിന്ദാബാദ് വിളികളും ഉയര്‍ന്നു.
ഇതിനിടയില്‍ സംഘാടകര്‍ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ പിടിക്കുകയും ശേഷം നേരത്തേ ചോദ്യം ചോദിച്ച ദലിത് വിദ്യാര്‍ഥിക്കെതിരേ സ്ത്രീയോട് മോശമായി പെരുമാറിയെന്ന തരത്തില്‍ കള്ളക്കേസ് കൊടുക്കുകയും ചെയ്‌തെന്നാണ് ആരോപണം.
ഒരു എംഎ വിദ്യാര്‍ഥിനിയാണ് പരാതി കൊടുത്തിരിക്കുന്നത്. എന്നാല്‍, ഈ വിദ്യാര്‍ഥിനിയെ പരിപാടിക്കിടെ താന്‍ കണ്ടിട്ടുപോലുമില്ലെന്നാണ് ആരോപണവിധേയനായ ദളിത് വിദ്യാര്‍ഥിയുടെ പ്രതികരണം. കഴിഞ്ഞ മാസം 29ാം തിയ്യതിയാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അനൗപചാരികമായി മല്‍ഹോത്രയുടെ പ്രഭാഷണം സംഘടിപ്പിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ടിലെ ഏതെങ്കിലും പഠനവകുപ്പിനോ വിദ്യാര്‍ഥി യൂണിയനോ പങ്കാളിത്തമില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പറയപ്പെടുന്നു. പരിപാടിയില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നെങ്കിലും അതിനെക്കാള്‍ കൂടുതല്‍ പേര്‍ പുറത്തുനിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരടക്കമുള്ളവരായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അതിനിടെ, സംഭവത്തില്‍ ദലിത് വിദ്യാര്‍ഥികളുടേതിന് വിരുദ്ധമായ വിശദീകരണവുമായി രാജീവ് മല്‍ഹോത്ര രംഗത്തെത്തി. താനുമായുള്ള സംവാദത്തില്‍ പരാജയപ്പെട്ട ഇടതുപക്ഷ ആക്രമികള്‍ തന്റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മല്‍ഹോത്ര പറഞ്ഞു.
Next Story

RELATED STORIES

Share it