മുംബൈ ആക്രമണം: പദ്ധതിയിട്ടത് ഐഎസ്‌ഐ എന്ന് മുന്‍ മേധാവി

ഇസ്‌ലാമാബാദ്: 2008ലെ മുംബൈ ആക്രമണ പദ്ധതിയിട്ടത് തങ്ങളുടെ ആളുകളാണെന്നും എന്നാല്‍, അത് തങ്ങളുടെ ദൗത്യമല്ലായിരുന്നെന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐ മുന്‍ മേധാവി ജനറല്‍ ഷുജ പാഷ വെളിപ്പെടുത്തിയിരുന്നതായി യുഎസിലെ മുന്‍ പാക് അംബാസഡര്‍ ഹുസെയ്ന്‍ ഹഖാനി. ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചുള്ള ഇന്ത്യ വേഴ്‌സസ് പാകിസ്താന്‍: വൈ കാണ്ട് വി ജസ്റ്റ് ബി ഫ്രണ്ട്‌സ്? എന്ന പുസ്തകത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
2008 ഡിസംബറില്‍ ജനറല്‍ പാഷ വാഷിങ്ടണ്‍ സന്ദര്‍ശനവേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. സിഐഎ മേധാവി ജനറല്‍ മിഷേല്‍ ഹെയ്ഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം തന്നെ സന്ദര്‍ശിച്ചത്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പദ്ധതി തയ്യാറാക്കുന്നതില്‍ പങ്കാളികളായിരുന്നെന്ന് ജനറല്‍ പാഷ ഹെയ്ഡനോട് വെളിപ്പെടുത്തിയതായി ദ ഹിന്ദുവിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഐഎസ്‌ഐ, സിഐഎ മേധാവികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ ഇതിനു മുമ്പ് മൂന്നു പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന കോണ്ടലിസ റൈസ് തന്റെ ഓര്‍മക്കുറിപ്പിലും ഒബാമ വാര്‍സ് എന്ന പുസ്തകത്തിലൂടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്‌വാര്‍ഡും ഏതാനും കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷമാദ്യം തന്റെ ആത്മകഥയിലൂടെ ഹെയ്ഡനും ചില കാര്യങ്ങള്‍ സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it