മുംബൈയില്‍ കരിഞ്ചന്തയില്‍ എത്തുന്നത് കോടി ലിറ്റര്‍ വെള്ളം; പൈപ്പ് തുരന്ന് ദിവസവും 50 ലക്ഷം ലിറ്റര്‍ വെള്ളം മോഷ്ടിക്കുന്നു

മുഹമ്മദ് പടന്ന

മുംബൈ: കടുത്ത വരള്‍ച്ച മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന മുംബൈയില്‍ ദിവസവും ഒരു കോടി ലിറ്റര്‍ വെള്ളം കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നതായി റിപോര്‍ട്ട്. ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ നഗരസഭാ അധികൃതരുടെ കൈ യില്‍ നിന്നു തന്നെയാണ് ഇത്രയും ജലം കരിഞ്ചന്തക്കാര്‍ക്കു ലഭ്യമാവുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
ലിറ്ററിന് ഒരു പൈസ നിരക്കില്‍ കോര്‍പറേഷന്‍ നല്‍കുന്ന വെള്ളം അതിന്റെ പത്തിരട്ടിയിലധികം വിലയ്ക്കാണു വി ല്‍പന നടത്തുന്നത്. ഇത്തരം ഇടപാടിനു പിന്നില്‍ വന്‍കിടക്കാരായ ടാങ്കര്‍ മാഫിയ ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കോര്‍പറേഷന്‍-ടാങ്കര്‍ മാഫിയ കൂട്ടുകെട്ടാണ് കോടിക്കണക്കിനു രൂപയുടെ ഈ അഴിമതിക്കു പിന്നിലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കിരിത് സോമയ്യ എംപി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണു പുറത്തുവന്നത്.
പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളായ മാന്‍കുര്‍ദ്, ദേവനാര്‍, ഗോവണ്ടി തുടങ്ങിയ ചേരികളില്‍ ഈ വര്‍ഷം ഇതേവരെ 915 ടാങ്കര്‍ വെള്ളം മാത്രം ഗവണ്‍മെന്റ് തലത്തില്‍ വിതരണം ചെയ്തപ്പോള്‍ അടുത്തുള്ള ഘാട്‌കോപ്പര്‍ ഫില്ലിങ് യാര്‍ഡില്‍ നിന്ന് പ്രൈവറ്റ് ടാങ്കറുകള്‍ കൊണ്ടുപോയത് 13,424 ടാങ്കര്‍ വെള്ളമാണ്.
ഇതു മുഴുവനും ഈ ചേരികളില്‍ തന്നെയാണ് വിതരണം ചെയ്തിരിക്കുന്നത്, കരിഞ്ചന്തയിലാണെന്നു മാത്രം. നഗരത്തിലെ മൊത്തം മേഖലയിലെ കണക്ക് എടുത്തപ്പോഴും ഇത്തരം വന്‍ അന്തരം കാണാന്‍ കഴിഞ്ഞു. 9181 ടാങ്കര്‍ വെള്ളം കോര്‍പറേഷന്‍ വിതരണം ചെയ്തപ്പോള്‍ പ്രൈവറ്റ് ടാങ്കറുകള്‍ വിതരണം ചെയ്തിരിക്കുന്നത് 38,999 ടാങ്കര്‍ വെള്ളമാണ്. 50 ലക്ഷം ലിറ്റര്‍ കോര്‍പറേഷനില്‍നിന്നു വാങ്ങിയും പൈപ്പ് തുരന്ന് 50 ലക്ഷം ലിറ്റര്‍ വെള്ളം മോഷ്ടിച്ചുമാണ് വില്‍പന നടത്തിയതെന്നും സോമയ്യ മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it