Kerala

മീനമാസച്ചൂടിലും വറ്റാത്ത നീരുറവകളുമായി കാസര്‍കോട്ടെ സുരങ്കങ്ങള്‍

മീനമാസച്ചൂടിലും വറ്റാത്ത നീരുറവകളുമായി കാസര്‍കോട്ടെ സുരങ്കങ്ങള്‍
X
surankam

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സാങ്കേതികവിദ്യ അത്രയൊന്നും വളര്‍ച്ച പ്രാപിക്കാതിരുന്ന അരനൂറ്റാണ്ടു മുമ്പ് കാസര്‍കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ജലദൗര്‍ലഭ്യത്തിനു പരിഹാരമായി നിര്‍മിച്ചിരുന്ന സുരങ്കങ്ങള്‍ വിസ്മൃതിയിലേക്ക്. ചെങ്കുത്തായ മലനിരകള്‍ തുരന്ന് വെള്ളം എടുക്കുന്ന സംവിധാനത്തെയാണ് സുരങ്കങ്ങള്‍ (തുരങ്കങ്ങള്‍) എന്നു പറയുന്നത്.
കാര്‍ഷിക വൃത്തിയുടെ ഭാഗമായാണ് ജില്ലയുടെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ വ്യാപകമായി സുരങ്കങ്ങള്‍ നിര്‍മിച്ചിരുന്നത്. 200-300 അടിയോളം ഭൂമി തുരന്ന് തുരങ്കരൂപത്തില്‍ വെള്ളം കണ്ടെത്തുന്ന പ്രക്രിയയാണിത്. ഈ വെള്ളമാണ് മുന്‍കാലങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നത്. ദേലമ്പാടി, കാറഡുക്ക, എണ്‍മകജെ, ബെള്ളൂര്‍, മുളിയാ ര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, ബദിയടുക്ക, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ് സുരങ്കങ്ങള്‍ കൂടുതലുള്ളത്. മെഴുകുതിരി കത്തിച്ചുവച്ചായിരുന്നു ഭൂമി തുരന്നിരുന്നത്. ഓക്‌സിജന്‍ കിട്ടാതെ വന്നാല്‍ മെഴുകുതിരി കത്തില്ലെന്ന അപകടസാധ്യത മനസ്സിലാക്കി തുരക്കുന്നയാള്‍ സുരങ്കത്തില്‍ നിന്നു പുറത്തിറങ്ങും. കിണറിനെ അപേക്ഷിച്ച് പൊതുവെ വൃത്തിയും ശുദ്ധിയുമുള്ളതാണ് സുരങ്കത്തില്‍ നിന്നു ലഭിക്കുന്ന വെള്ളം. കുത്തനെയുള്ള മലനിരകളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.
സുരങ്കങ്ങള്‍ നിര്‍മിക്കുന്ന തൊഴിലാളികള്‍ തന്നെയാണ് സ്ഥലം കണ്ടെത്തി വെള്ളം ഉറപ്പുവരുത്തി കുറ്റിയടിക്കുന്നത്. ഇതില്‍ വിദഗ്ധരായ ഒട്ടേറെപേര്‍ പഴയ തലമുറയിലുണ്ടായിരുന്നു. രണ്ടുപേരെയാണ് ഇതിന്റെ നിര്‍മാണത്തിനു ചുമതലപ്പെടുത്തുക. ഒരാള്‍ തുരക്കാനും അടുത്തയാ ള്‍ മണ്ണ് നീക്കംചെയ്യാനും. 50 മീറ്ററിലേറെ നീളമുള്ള സുരങ്കങ്ങള്‍ പോലുമുണ്ട്. എന്നാല്‍, പുതുതലമുറയില്‍ ഇത്തരം വിദഗ്ധ തൊഴിലാളികള്‍ കുറഞ്ഞുവരുന്നതായാണു കാണുന്നത്. തൊഴിലാളികളുടെ കുറവ് സുരങ്കങ്ങളെ നാശത്തിന്റെ വക്കിലേക്കു തള്ളിയിട്ടുണ്ട്. കുഴല്‍കിണറുകള്‍ വ്യാപകമായതോടെ ജലസ്രോതസ്സുകള്‍ മാറ്റിമറിക്കപ്പെട്ടു.
പാറക്കെട്ടുകളുടെ ഉള്ളറകളില്‍ തെളിനീര്‍ കരുതിവച്ചു കാത്തിരിക്കുന്ന സുരങ്കങ്ങള്‍ ഇപ്പോഴും അവഗണനയുടെ പാതയിലാണ്.സുരങ്കങ്ങള്‍ സംരക്ഷിച്ചാല്‍ ആധുനിക കാലത്തെ ജലദൗര്‍ലഭ്യത്തിന് ഏറെ പരിഹാരമുണ്ടാവുമെന്ന് പഴമക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it