kasaragod local

മീനച്ചൂട് വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പര്യടനത്തില്‍

മഞ്ചേശ്വരം/കാസര്‍കോട്/ഉദുമ: ചുട്ടുപൊള്ളുന്ന മീനച്ചൂട് വകവയ്ക്കാതെ സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പര്യടനത്തില്‍. ജില്ലയില്‍ ത്രികോണ മല്‍സരം നടക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് പ്രചാരണം ഏറെ കൊഴുക്കുന്നത്. കെ സുധാകരന്‍ മല്‍സരിക്കുന്നതിനാല്‍ വിഐപി മണ്ഡലമായി മാറിയ ഉദുമയിലും ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കെ സുധാകരന്‍ ഇന്നലെ കാസര്‍കോട്ടെ പത്രം ഓഫിസുകളിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍നായര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഉദുമയിലെ കിളച്ചിട്ട മണ്ണില്‍ കോണ്‍ഗ്രസിന് വേരോട്ടമുണ്ടാക്കാനാണ് തന്റെ ശ്രമമെന്നും യുഡിഎഫിലെ ഐക്യം തനിക്ക് അനുകൂലമാണെന്നും കെ സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ വൈരംമറന്ന് സുധാകരന് പിന്നാലെ ഒറ്റക്കെട്ടായുണ്ട്. സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇവിടെ എതിരാളി. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുഞ്ഞിരാമന്‍ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖിന് കഴിഞ്ഞ തവണ എതിരാളികളായിരുന്ന സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു, ബിജെപിയിലെ കെ സുരേന്ദ്രന്‍ എന്നിവരാണ് മാറ്റുരക്കുന്നത്. അതിര്‍ത്തി മണ്ഡത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ വേനല്‍ചൂട് വകവെക്കാതെ വീടുകള്‍ കയറിയിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ 5528 വോട്ടിനാണ് ബിജെപിയിലെ കെ സുരേന്ദ്രനെ പി ബി അബ്ദുര്‍റസാഖ് പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സി എച്ച് കുഞ്ഞമ്പു ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു. മണ്ഡലം നിലനിര്‍ത്താന്‍ അബ്ദുര്‍റസാഖും തിരിച്ചുപിടിക്കാന്‍ സി എച്ച് കുഞ്ഞമ്പുവും താമര വിരിയിക്കാന്‍ കെ സുരേന്ദ്രനും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും പയറ്റുന്നുണ്ട്.
കാസര്‍കോട് അസംബ്ലി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഐഎന്‍എല്‍-എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍, ബിജെപിയിലെ രവീശതന്ത്രി കുണ്ടാര്‍ എന്നിവരാണ് മല്‍സരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനാല്‍ എന്‍ എ നെല്ലിക്കുന്ന് ഓരോ പഞ്ചായത്തുകളിലും ഒന്നിലേറെ തവണ പര്യടനം നടത്തി വോട്ടഭ്യര്‍ത്ഥന നടത്തിവരികയാണ്. പുതുമുഖമാണെങ്കിലും ഡോ. എ എ അമീന്‍ മണ്ഡലത്തില്‍ ഇതിനകം പര്യടനം ഒരു തവണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസുകളിലും കവലകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുകയാണ് ഇദ്ദേഹം.
ബിജെപിയിലെ രവീശതന്ത്രി കുണ്ടാര്‍ മുന്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍ തന്ത്രിയുടെ ഭര്‍ത്താവാണ്. രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് കുമ്മനംരാജശേഖരന്‍ രവീശതന്ത്രിക്ക് സീറ്റ് നല്‍കിയത്.
ബിജെപിയുടെ മറ്റുനേതാക്കളെ തഴഞ്ഞ് സീറ്റ് നല്‍കിയതില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കാറഡുക്ക, മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ ബിജെപിയാണ് ഭരിക്കുന്നത്. കഴിഞ്ഞ കുറേകാലമായി ഈ മണ്ഡലത്തില്‍ ബിജെപി രണ്ടാംസ്ഥാനത്താണ്. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയ്ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. പിഡിപി സ്ഥാനാര്‍ഥിയായി മുഹമ്മദ് ബള്ളൂരും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it