thiruvananthapuram local

മീനച്ചൂടില്‍ വെന്തുരുകി തലസ്ഥാനം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തെിരുവനന്തപുരം: കത്തിക്കാളുന്ന മീനച്ചൂടില്‍ ചുട്ടുപൊള്ളി തലസ്ഥാന ജില്ല. അത്യുഷ്ണം വര്‍ധിച്ചതോടെ ആരോഗ്യവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ പകല്‍ അനുഭവപ്പെടുന്നതിനേക്കാള്‍ അഞ്ച് ഡിഗ്രിയിലധികം ചൂടാണ് ഇപ്പോള്‍ ജില്ലയില്‍ അനുഭവപ്പെടുന്നത്. 35.6 ഡിഗ്രിയായിരുന്നു ഇന്നലത്തെ ജില്ലയിലെ ശരാശരി താപനില. കഴിഞ്ഞ സീസണിനേക്കാള്‍ ശരാശരി 1.5 ഡിഗ്രി ചൂടിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 33 ഡിഗ്രിക്കു മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചൂട്.
ഈ സീസണിലെ ശരാശരി പകല്‍ച്ചൂട് 34.6 ഡിഗ്രിയാണ്. പകല്‍ച്ചൂടിനെ വെല്ലുന്നതാണ് രാത്രിയിലെ അത്യുഷ്ണം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിനു സമീപകാലത്തൊന്നും സമാനതകള്‍ ഉണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
കാറ്റിന്റെ ഗതി, അന്തരീക്ഷ ഈര്‍പ്പത്തിന്റെ ലഭ്യത, മഴമേഘങ്ങളുടെ സ്വാധീനം തുടങ്ങി പ്രാദേശികമായി കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്. സമുദ്രത്തിന്റെയും തടാകങ്ങളുടെയും സാമീപ്യം മീനച്ചൂടിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമാണെങ്കിലും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ജില്ലയെ തീച്ചൂളയാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് ചൂട് 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതെങ്കില്‍ ഇക്കുറി ഫെബ്രുവരി 25നു തന്നെ 33 ഡിഗ്രി കടന്നു. വര്‍ഷംതോറും 0.01 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന പ്രവണതയാണ് ജില്ലയില്‍ കണ്ടുവരുന്നത്. മാര്‍ച്ച് 1 മുതല്‍ 15 വരെ സംസ്ഥാനത്ത് 1.5 മുതല്‍ 2 ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. വരണ്ട കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഈര്‍പ്പം കുറഞ്ഞതാണ് അന്തരീക്ഷം വരളാന്‍ കാരണം. വേനല്‍മഴയെത്തിയാല്‍ മാത്രമേ ചൂടിനു ശമനമുണ്ടാകൂ.
മാര്‍ച്ച് ഒന്നിനും 15നും ഇടയ്ക്ക് 6 മില്ലിമീറ്റര്‍ വേനല്‍മഴ പ്രതീക്ഷിച്ചിടത്ത് 0.8 മില്ലിമീറ്ററാണ് കിട്ടിയത്. ഇതിനിടയില്‍ പ്രാദേശികമായി ഒറ്റപ്പെട്ട മഴ കിട്ടിയെങ്കിലും ഇത് ചൂടിന് ശമനമേകിയിട്ടില്ല. വരുംദിവസങ്ങളില്‍ സാമാന്യം ശക്തമായ വേനല്‍മഴക്കുള്ള സാധ്യതകളുണ്ടെങ്കിലും അത് ഓരോ ദിവസത്തെ കാറ്റിന്റെ ഗതിയെയും അന്തരീക്ഷ ഈര്‍പ്പത്തെയും മേഘങ്ങളുടെ സാന്നിധ്യത്തെയും ആശ്രയിച്ചിരിക്കുമെന്നതിനാല്‍ മുന്‍കൂട്ടി കൃത്യമായ പ്രവചനം സാധ്യമല്ല.
ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ അറബിക്കടലില്‍ നിന്ന് നീരാവിക്കാറ്റെത്തിയാലേ കാര്യമായ വേനല്‍മഴയ്ക്ക് സാധ്യതയുള്ളൂ. അതോടെ ചൂടിന് അല്‍പം ശമനമുണ്ടാവും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കുറേശ്ശെ കാറ്റെത്തുന്നതുകൊണ്ടാണ് തെക്കന്‍ ജില്ലകളില്‍ ചൂട് അനിയന്ത്രിതമാകാത്തത്. ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്തെ സമുദ്രോപരിതലം ചൂടാക്കുന്ന എല്‍ നിനോ എന്ന പ്രതിഭാസവും ആഗോളതാപനവുമാണ് ചൂട് വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
അതേസമയം, ചൂട് അനിയന്ത്രിതമായി വര്‍ധിച്ചതോടെ ആരോഗ്യവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത വേനലില്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ളവ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറംജോലിയില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it