Kottayam Local

മീനച്ചിലാറ്റിലെ താല്‍ക്കാലിക തടയണ തകര്‍ത്ത് ജലം മലിനമാക്കി

ഈരാറ്റുപേട്ട: കരിയിലക്കാനത്ത് മീനച്ചിലാറ്റില്‍ തീര്‍ത്ത താല്‍ക്കാലിക തടയണ തകര്‍ത്ത് ജലം മലിനമാക്കിയതായി പരാതി. കലക്ടറുടെ നേതൃത്വത്തില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയാണിത്. ഇതുമൂലം മൂനച്ചിലാറ്റിലെ നീരൊഴുക്ക് വഴിമാറിയിട്ടുണ്ട്.
പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ മീനച്ചിലാറ്റിലെ കയത്തിനോട് ചേര്‍ന്നാണ് തടയണ നിര്‍മിച്ച് ജലം തടഞ്ഞു നിര്‍ത്തിയിരുന്നത്. പ്രദേശത്തെ 200ഓളം കിണറുകള്‍ക്ക് ജല ലഭ്യത ഈ കയവും താല്‍ക്കാലിക തടയണയിലെ വെള്ളവുമായിരുന്നു. ആറിന്റെ വശങ്ങള്‍ കെട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് തടയണയും കയവും നശിപ്പിച്ചതെന്ന് നാട്ടുകാര്‍ ഗ്രാമപ്പഞ്ചായത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആറിന് നടുവില്‍ സ്വാഭാവികമായി രൂപപ്പെട്ട മണല്‍ത്തിട്ട പൂര്‍ണ്ണമായും ഇളക്കി മറിച്ചിട്ടിരിക്കുകയാണ്.
ഇപ്പോള്‍ 200 മീറ്ററോളം നീളമുള്ള കയത്തിലെ വെള്ളം ഒഴുകിപ്പോയ അവസ്ഥയിലാണ്. അവശേഷിക്കുന്ന വെള്ളം കലങ്ങി മറിഞ്ഞ് ഉപയോഗശൂന്യമായി. പ്രദേശവാസികള്‍ അലക്കുന്നതിനും കുളിക്കുന്നതിനും ഈ തടയണയിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it