Azhchavattam

മിസ്റ്ററി ഗേള്‍

മിസ്റ്ററി ഗേള്‍
X













1960-70 കാലയളവില്‍ ഹിന്ദി സിനിമയിലെ പല ഗാനരംഗങ്ങളും അനശ്വരമാക്കിയ നടി സാധ്‌ന കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഓര്‍മ മാത്രമായി. ബോളിവുഡില്‍ മിസ്റ്ററി ഗേള്‍ എന്നറിയപ്പെട്ട സാധ്‌ന ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച നടിയായിരുന്നു






mistary-girl3



എഎസ് മുഹമ്മദ്കുഞ്ഞ്

'കോന്‍ ആയാ കി നിഗാഹോം മെ ചമക് ജാഗ് ഉഠീ..' ആശാ ഭോസ്ലെയുടെ വശ്യമായ ശബ്ദത്തില്‍ വന്ന അതിമനോഹരമായ ഗാനം. വഖ്ത് സിനിമ കണ്ടവരില്‍ ആ ഗാനരംഗം പൊലിപ്പിച്ചെടുത്ത നായികയുടെ മിന്നിത്തിളങ്ങുന്ന രൂപവും ചിരിയും മനസ്സിലെവിടെയെങ്കിലും പറ്റിപ്പിടിച്ചുണ്ടാവും. ഹിന്ദി സിനിമയിലെ സൗന്ദര്യറാണി സാധ്‌നയായിരുന്നു ആ നായിക. സാധ്‌ന ശിവ്ദാസാനി എന്ന് പൂര്‍ണനാമം. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആ അനശ്വരനടി ജീവിതത്തില്‍ നിന്ന് വിടവാങ്ങി.

ഹിന്ദി സിനിമയുടെ സുവര്‍ണയുഗമെന്നറിയപ്പെട്ട 1960-70ല്‍ ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സില്‍ പതിച്ച തന്റെ സുന്ദരരൂപം അവിടുന്ന് ഇളക്കിമാറ്റി രോഗം വികലമാക്കിയ മറ്റൊരു രൂപം പ്രതിഷ്ഠിക്കാനിടവരുത്തരുതെന്ന് കരുതിയാവും മാരകമായ അസുഖം തളര്‍ത്തിയ ശേഷം അവര്‍ വര്‍ഷങ്ങളോളം കാമറയുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയേയുണ്ടായില്ല. എങ്കിലും 2014ല്‍ കാന്‍സര്‍-എയ്ഡ്‌സ് പ്രതിരോധ പ്രചാരണാര്‍ഥം ഒരു ഫാഷന്‍ഷോയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഹിന്ദി സിനിമയിലെ എക്കാലവും ഓര്‍മിക്കപ്പെടുന്ന അപൂര്‍വം രംഗങ്ങളില്‍ സ്‌ക്രീനില്‍ വരാന്‍ ഭാഗ്യമുണ്ടായത് സാധ്‌നയ്ക്കാണ്. 1963ല്‍ പുറത്തിറങ്ങിയ മേരെ മെഹബൂബില്‍ അലിഗഡിലെത്തുന്ന ഗ്രാമീണയായ മുസ്‌ലിം വിദ്യാര്‍ഥിനിയെയാണ് സാധ്‌ന സാക്ഷാല്‍ക്കരിക്കുന്നത്. നായകന്‍, അശ്രദ്ധമായി വന്നു തട്ടിയപ്പോള്‍ മാറിലടുക്കിപ്പിടിച്ചിരുന്ന പുസ്തകക്കെട്ട് താഴെ വീണ് ചിതറുന്നു. നായകന്‍ അതു കുനിഞ്ഞെടുത്ത് നല്‍കുന്ന രംഗത്ത്, സാധ്‌ന ധരിച്ച ഹിജാബിന്റെ നിഴലിലെ നാണത്തില്‍ കുതിര്‍ന്ന ഒരു ചിരി. അതുമതി ആ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' രംഗം തനിമയാര്‍ന്നതാക്കാന്‍. രാജേന്ദ്രകുമാറാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.



mistary-girl2



ലതാ മങ്കേഷ്‌കറുടെ അനശ്വരഗാനങ്ങളിലൊന്നായ വോ കോന്‍ ഥിയിലെ 'ലഗ് ജാ ഗലെ...' ഹിന്ദി സിനിമയിലെ നാഴിക ക്കല്ലുകളിലൊന്നാക്കി മാറ്റിയതിനു പിന്നിലെ ഒരു ഘടകം നിലാവെട്ടത്തില്‍ തൂവെള്ള സാരിയില്‍ സാധ്‌നയുടെ നൃത്തതാള പ്രകടനം തന്നെയായിരുന്നു. അതിലൊരുവേള പ്രത്യക്ഷപ്പെട്ട ചുണ്ടിലെ മന്ദസ്മിതം ഹിന്ദി സിനിമയിലെ 'മൊണാലിസ സ്‌മൈല്‍' ആയി വിശേഷിപ്പിക്കപ്പെട്ടു.
അവരുടെ ആദ്യചിത്രമായ ലൗ ഇന്‍ സിംലയില്‍ സ്വീകരിച്ച മുടിക്കെട്ട് ഒരുകാലത്ത് ഉത്തരേന്ത്യന്‍ പെണ്‍കൊടികളുടെ ഫാഷനായിരുന്നു. നായികയുടെ അല്‍പം ഉയര്‍ന്ന നെറ്റി മറയ്ക്കാന്‍ സംവിധായകനും ഭാവിവരനുമായ ആര്‍ കെ നയ്യാരാണ് അത്തരമൊരു രീതി നിര്‍ദേശിച്ചത്. നെറ്റിയിലേക്ക് മുടി വിടര്‍ത്തിയിടുന്ന ആ രീതി പിന്നീട് 'സാധ്‌നാ ഹെയര്‍കട്ട്' എന്നാണ് അറിയപ്പെട്ടിരുന്നത്.
1965ല്‍ യാഷ് ചോപ്ര സാധ്‌നയെ നായികയാക്കി ഒരുക്കിയ വഖ്ത് ഒരു വമ്പന്‍ ഹിറ്റായി. അതിലെ കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ(ഗാന്ധി ഫെയിം)ആയിരുന്നു. അവര്‍ അണിയിച്ചൊരുക്കിയതാണ് ആ ഇറുകിയ വെള്ള ചുരിദാര്‍. പ്രസ്തുത വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യനടിയെന്ന നിലയില്‍ ആ വേഷവും പില്‍ക്കാലത്ത് സാധ്‌നയുടെ പേരിലറിയപ്പെട്ടു.
ഇന്ത്യന്‍ ജനാധിപത്യത്തെ ആക്ഷേപഹാസ്യത്തോടെ വീക്ഷിക്കുന്ന ബിമല്‍ റോയിയുടെ പരാഖ് എന്ന പടത്തിലെ വ്യത്യസ്തയായ നായികയും സാധ്‌ന തന്നെ. സലീല്‍ ചൗധരിയുടെ കഥയിലെ ഗ്രാമീണയായ യുവതിയുടെ റോളിലേക്ക് മേക്കപ്പിട്ട് 'സാധ്‌നാ കട്ടു'മായി വന്നത് ബിമല്‍ റോയിയെ ശരിക്കും അമ്പരപ്പിച്ചു. അദ്ദേഹം നടിയെ മേക്കപ്പ്‌റൂമിലേക്ക് തിരിച്ചയച്ചു. അതായിരിക്കും ഒരുപക്ഷേ മറിച്ചൊരു മേക്കപ്പില്‍ സാധ്‌ന പ്രത്യക്ഷപ്പെട്ട ഏക ചിത്രം. എച്ച് എസ് റവൈയിലിന്റെ മേരെ മെഹബൂബില്‍ ഹിജാബില്‍ വരുന്ന അലിഗഡിലെ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ വേഷത്തിനുവേണ്ടി സാധ്‌നാകട്ട് ഒഴിവാക്കിയെങ്കിലും സംവിധായകന്‍ അവരെ തിരിച്ചയച്ചു. മുടി നെറ്റിയിലേക്കിട്ട് സാധ്‌നാകട്ടുമായി വരാന്‍ അദ്ദേഹം നിര്‍ദേശിച്ചു. സാധ്‌നയെ കാസ്റ്റ് ചെയ്തത് അത്തരമൊരു പെണ്‍കുട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഹിന്ദി സിനിമയിലെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ഗാനരംഗങ്ങള്‍ സാധ്‌നയുടേതായിട്ടുണ്ട്. അവയില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നത് 'ഝുംകാ ഗിരാ രെ...' എന്ന ഗാനമാണ്. മേരാ സായയിലേതാണ് ഈ ഗാനം. ഈ ചിത്രമിറങ്ങിയ കാലത്ത് മഹാനഗരങ്ങളിലെ തിയേറ്ററുകളില്‍ ആ ഗാനരംഗത്തിനൊത്ത് പ്രേക്ഷകര്‍ സ്‌ക്രീനിന് നേരെ നാണയമെറിയുമായിരുന്നുവത്രെ.
1962ലാണ് ദേവാനന്ദിനൊപ്പം മറ്റൊരു ചിത്രത്തില്‍ സാധ്‌ന പ്രത്യക്ഷപ്പെട്ടത്, അസ്‌ലി നഖ്‌ലി. നിലാവ് പെയ്ത രാത്രിയില്‍ വീടിന്റെ ടെറസ്സില്‍ വച്ച് തെങ്ങോലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനോട് ചോദിക്കുന്നു 'തേരാ മേരാ പ്യാര്‍ അമര്‍, ഫിര്‍ ക്യോം മുഝ്‌കോ ലഗ്താഹെ അസര്‍..'. വര്‍ഷങ്ങളെത്രയോ കഴിഞ്ഞിരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം. ഇങ്ങനെ എത്രയെത്ര ഗാനരംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ മരിക്കാത്ത ഓര്‍മകളാക്കിവച്ചാണ് അവര്‍ മറഞ്ഞത്. കേവലം ഒന്നര പതിറ്റാണ്ടിനിടയില്‍ അമ്പതില്‍ താഴെ ചിത്രങ്ങളേ അവരുടേതായിട്ടുള്ളൂ. പക്ഷേ, അവയില്‍ ഏറെയും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി സ്വീകരിച്ചു. അക്കാലത്ത് അവ ഹിറ്റുകളുമായിരുന്നു.
mistary-girl1കറാച്ചിയില്‍ 1941ല്‍ ജനിച്ച സാധ്‌നയുടെ കുടുംബം വിഭജനാനന്തരം മുംബൈയിലേക്കു കുടിയേറുകയായിരുന്നു. ചെറുപ്പത്തിലെ സിനിമാമോഹം മനസ്സിലിട്ടു നടന്ന സാധ്‌നയ്ക്ക് അച്ഛന്റെ പ്രോല്‍സാഹനവുമുണ്ടായിരുന്നു. 1955ല്‍ പതിനഞ്ചാം വയസ്സില്‍ രാജ്കപൂറിന്റെ ശ്രീ 420ല്‍ 'മുഡ് മുഡ് കെ ന ദേഖ് മുഡ് മുഡ് കെ...' എന്ന പാട്ടിന്റെ കോറസില്‍ കൂടിയാണ് സാധ്‌ന സ്‌ക്രീനില്‍ മുഖം കാണിക്കുന്നത്. 1958ല്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച സിന്ധി പടം അബാനയില്‍ നായിക ഷീലാ രമണിയുടെ അനിയത്തിയായി അഭിനയിച്ചുകൊണ്ട് ജൈത്രയാത്ര ആരംഭിച്ചു. ശശാധര്‍ മുഖര്‍ജി സ്വന്തം മകനായ ജോയ് മുഖര്‍ജിയെ ലോഞ്ച് ചെയ്ത ലവ് ഇന്‍ സിംല എന്ന പടത്തിലൂടെയാണ് ഒരു മുഴുനീള നായികയായി സാധ്‌ന സ്‌ക്രീനില്‍ വരുന്നത്. അടുത്ത സിനിമയായ ഏക് മുസാഫിര്‍ ഏക് ഹസീനയും ജോയ് മുഖര്‍ജിക്കൊപ്പം തന്നെ. വോ കോന്‍ ഥി, മേരാ സായ, അനിത എന്നീ മൂന്ന് സസ്‌പെന്‍സ് ത്രില്ലറുകളില്‍ അഭിനയിച്ച നടിയെന്ന നിലയില്‍ സാധ്‌ന, ഹിന്ദി സിനിമയുടെ 'മിസ്റ്ററി ഗേള്‍' ആയി.
1969ല്‍ ഇറങ്ങിയ ഇന്‍തഖാമില്‍ പ്രതികാരദാഹിയായ സ്ത്രീയെ അവതരിപ്പിച്ചതിന് ഫിലിം ഫെയറിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതാണ്. പക്ഷേ, നിരാശയായിരുന്നു ഫലം. നിരവധി സീക്വന്‍സുകളെ അനശ്വരതയിലേക്ക് എഴുതിച്ചേര്‍ത്തെങ്കിലും വോ കോന്‍ ഥി, വഖ്ത് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു പ്രാവശ്യവും ഫിലിം ഫെയര്‍ നോമിനേഷനില്‍ ഒതുങ്ങി.
2002ല്‍ സമഗ്ര സംഭാവനയ്ക്ക് ഐഐഎഫ്എയുടെ അവാര്‍ഡ് സാധ്‌നയ്ക്കായിരുന്നു. ആര്‍ കെ നയ്യാര്‍ ബാനറില്‍ രണ്ടു പടങ്ങള്‍ അവര്‍ സംവിധാനം ചെയ്തു. 72ല്‍ ഗീതാ മേരാ നാമില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു.



Next Story

RELATED STORIES

Share it