മിസ്ഡ് കോള്‍ വിവാദം; ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ മിസ്ഡ് കോള്‍ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമാവുന്നു. മിസ്ഡ് കോള്‍ ചെയ്ത് അംഗത്വമെടുത്താല്‍ മുന്‍ നേതാക്കളായ പി പി മുകുന്ദനും കെ രാമന്‍പിള്ളയ്ക്കും ബിജെപിയില്‍ വീണ്ടും അംഗങ്ങളാകാമെന്ന മുരളീധരന്റെ തുടര്‍ച്ചയായ പരിഹാസമാണ് മുരളീധരന്‍-കൃഷ്ണദാസ് പക്ഷങ്ങള്‍ക്കിടയിലെ പോര് രൂക്ഷമാക്കിയത്.
മുരളീധരന്റെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും നേതാക്കള്‍ രംഗത്തുവന്നതോടെ ബിജെപിയിലെ ഗ്രൂപ്പിസത്തിന് വീണ്ടും ചൂടുപിടിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ തരംതാണ പരാമര്‍ശം ഉത്തരവാദപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നാണ് പി പി മുകുന്ദനെ അനുകൂലിക്കുന്ന പി കെ കൃഷ്ണദാസ് വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്.
പ്രസ്താവന നടത്തിയ നേതാക്കളെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവന്നവരാണ് മുകുന്ദനെപ്പോലുള്ളവരെന്നും ഇവര്‍ പറയുന്നു.
നേതാക്കളെ അവഹേളിക്കുന്നതിനു തുല്യമായ പരാമര്‍ശങ്ങള്‍ നടത്തിയ മുരളീധരനെതിരേ കൃഷ്ണദാസ് വിഭാഗം കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസ് സംസ്ഥാനനേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. മുരളീധരന്റെ പരാമശങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്നും സംഘപരിവാര പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു. മുന്‍കാലത്ത് ബിജെപിയെ കോണ്‍ഗ്രസ്സിന്റെ തൊഴുത്തില്‍ കെട്ടിയവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നുള്ള മുരളീധരന്റെ പേര് പറയാതെയുള്ള പരാമര്‍ശവും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തര്‍ക്കം തുറന്ന പോരിലേക്ക് കടന്നതോടെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. ഇതു മറികടന്നാണ് നേതാക്കള്‍ വീണ്ടും ചേരിപ്പോരുമായി രംഗത്തെത്തിയത്. മുരളീധരന്റെ നിലപാടുകള്‍ക്കെതിരേ കഴിഞ്ഞ ദിവസം പരസ്യപ്രസ്താവനയുമായി പി എസ് ശ്രീധരന്‍പിള്ളയും ശോഭാ സുരേന്ദ്രനും അടക്കമുള്ളവര്‍ രംഗത്തെത്തി.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും പരസ്യമായ പോര് ഒഴിവാക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കള്‍ക്കിടയിലെ ഭിന്നത പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പുവേളയില്‍ വിഭാഗീയത രൂക്ഷമാകുന്നതില്‍ ആര്‍എസ്എസ് സംസ്ഥാനനേതൃത്വവും ആശങ്കയിലാണ്. പി പി മുകുന്ദന്‍, കെ രാമന്‍പിള്ള എന്നിവര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് ശ്രമം നടത്തുന്നതിനിടെയാണ് മുരളീധരന്റെ പരാമര്‍ശം വിവാദമാവുന്നത്.
Next Story

RELATED STORIES

Share it