kasaragod local

മിശ്രവിവാഹിതരായ പട്ടികവര്‍ഗ ദമ്പതികള്‍ക്ക് വീട് അനുവദിക്കുന്നതില്‍ വിവേചനം

കാസര്‍കോട്: മിശ്രവിവാഹിതരായ പട്ടികവര്‍ഗ ദമ്പതികള്‍ക്ക് വീട് അനുവദിക്കുന്നതിന് ട്രൈബല്‍ ഡവലപ്‌മെന്റ് ജി ല്ലാ ഓഫിസര്‍ വിവേചനം കാണിക്കുന്നതായി പരാതി. കുറ്റിക്കോല്‍ പഞ്ചായത്തിലെ കരിവേടകം പള്ളക്കാട് പാഞ്ചജന്യം വീട്ടില്‍ കാര്‍ത്യായനി, ഭര്‍ത്താവ് രാജന്‍ എന്നീ മിശ്ര വിവാഹിത ദമ്പതികള്‍ക്കാണ് വീട് അനുവദിക്കുന്നതില്‍ അവഗണന കാണിക്കുന്നതായി പരാതി ഉയര്‍ന്നത്. ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാല്‍ വീട് അനുവദിക്കുന്നതിന് സിപിഎം ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥന്‍ എതിര് നില്‍ക്കുന്നതായും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും എഡിഎമ്മിനും പരാതി നല്‍കിയിരുന്നു. പുലയ-മാവിലന്‍ വിഭാഗത്തില്‍പെട്ടവരാണ് ഈ ദമ്പതികള്‍. സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വീട് വയ്ക്കുന്നതിനുള്ള ആദ്യ ഗഡുവായ 55600 രൂപയുടെ ചെക്ക് നല്‍കാമെന്ന് ഓഫിസര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ വീണ്ടും ഒരു എഗ്രിമെന്റ് നല്‍കിയാല്‍ വീട് അനുവദിച്ച് തരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇവര്‍ പറഞ്ഞു. ഇരുകൈകള്‍ക്കും സ്വാധീനമില്ലാത്തയാളാണ് രാജന്‍. ഓലകുടിലിലാണ് ഈ കുടുംബം താമസിക്കുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സിനും മന്ത്രി ജയലക്ഷ്മിക്കും പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണം നടക്കുന്നുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് എ നിസാര്‍ കഴിഞ്ഞ 14ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വീട് നല്‍കുന്നതിനെ കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസറോട് നിര്‍ദ്ദേശിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സഞ്ജീവന്‍ പുളിക്കൂറും സംബന്ധിച്ചു.
Next Story

RELATED STORIES

Share it