മിന്നല്‍പ്പിണരായി തുടക്കം; കണ്ണീര്‍ക്കടലായി ആശയുടെ മടക്കം

എം എം സലാം

കോഴിക്കോട്: ഇടുക്കിയുടെ മലനിരകളില്‍ നിന്നു മെഡല്‍ പ്രതീക്ഷകളുമായാണ് ആശാ സോമന്‍ നന്മയുടെ നഗരിയിലെത്തിയത്. എന്നാല്‍, ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍നിന്നു കണ്ണീരോടെ മടങ്ങാനായിരുന്നു അവളുടെ വിധി. 3,000 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ നടത്തത്തില്‍ മല്‍സരം തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് കൈപ്പിടിയിലൊതുങ്ങിയെന്നു കരുതിയ വിജയം ഫൗളിന്റെ രൂപത്തിലെത്തി ആശയില്‍നിന്നു തട്ടിയെടുത്തത്.
അഞ്ച് റൗണ്ടുകളില്‍ ലീഡ് ചെയ്ത ശേഷം മല്‍സരം തീരാ ന്‍ രണ്ടു റൗണ്ട് മാത്രം ശേഷിക്കെയാണ് ഒഫീഷ്യല്‍സിന്റെ ഫൗള്‍ വിളി മുഴങ്ങിയത്. മല്‍സരത്തില്‍ വിജയിയായ കേരളത്തിന്റെ തന്നെ സാന്ദ്ര സുരേന്ദ്രന്‍ അപ്പോള്‍ മുപ്പത് മീറ്ററോളം പിന്നിലായിരുന്നു. മല്‍സരത്തിന്റെ ഇടയില്‍ നടത്തം ഓട്ടമായി മാറിയെന്നായിരുന്നു ഒഫീഷ്യല്‍സിന്റെ വാദം. മുമ്പു മൂന്നു തവണ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു ശേഷമാണ് റെഡ് സിഗ്നല്‍ നല്‍കി താരത്തെ പുറത്താക്കിയതെന്നാണ് ഒഫീഷ്യല്‍സ് അറിയിച്ചത്.
എന്നാല്‍, റെഡ് സിഗ്നല്‍ ലഭിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്നും മുന്നില്‍പോയ കുട്ടിക്കാണ് സിഗ്നല്‍ ലഭിച്ചതെന്നു കരുതിയാണ് മല്‍സരം തുടര്‍ന്നതെന്നുമാണ് മല്‍സര ശേഷം ആശ അറിയിച്ചത്. തുടര്‍ന്നു കണ്ണീരോടെ സ്‌റ്റേഡിയം വിട്ട ആശയെ ആശ്വസിപ്പിക്കാന്‍ കോച്ചിനും സഹതാരങ്ങള്‍ക്കും വാക്കുകളില്ലായിരുന്നു. കഴിഞ്ഞമാസം നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം സ്ഥാനം നേടിയാണ് ആശ കോഴിക്കോട്ടേക്കു ദേശീയ മീറ്റിനായി വീണ്ടുമെത്തിയത്. ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനമായിരുന്നു അന്ന് ആശ കാഴ്ചവച്ചത്. 2014ല്‍ വിജയവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും ആശ സ്വര്‍ണമണിഞ്ഞിരുന്നു.
അയോഗ്യത കല്‍പ്പിച്ചു ഒരു താരത്തിനെ പുറത്താക്കുമ്പോ ള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും അധികൃതര്‍ പാലിച്ചിട്ടില്ലെന്നാണ് ആശയുടെ സ്‌കൂളായ കാല്‍വരി മൗണ്ട് സ്‌കൂള്‍ അധ്യാപകനും കോച്ചുമായ മജുവിന്റെ ആരോപണം. ഉറച്ച മെഡല്‍പ്രതീക്ഷയായിരുന്ന താരത്തിനെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ല. ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും മജു അറിയിച്ചു.
15.88 സെക്കന്‍ഡ് സമയം കുറിച്ച് കേരളത്തിന്റെ തന്നെ സാന്ദ്ര സുരേന്ദ്രനാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്.
Next Story

RELATED STORIES

Share it