മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കിയ കേസ്: വ്യവസായ വകുപ്പിനും റവന്യൂ വകുപ്പിനും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കൊച്ചി: സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി— ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ സ്വകാര്യ ഐടി കമ്പനിക്ക് വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസില്‍ റവന്യൂ വകുപ്പിനും വ്യവസായ വകുപ്പിനും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ കേസിലാണ് കോടതി നിര്‍ദേശപ്രകാരം ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് സൂപ്രണ്ടന്റ് ഓഫ് പോലിസ് കെ ജയകുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേസ് നിലനില്‍ക്കത്തക്ക വിധത്തിലുളള തെളിവുകള്‍ ഇല്ലെന്നും ഈ സാഹചര്യത്തില്‍ കേസില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കെ ജയകുമാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നുവെന്നും നിലവില്‍ ഭൂമി റവന്യൂ വകുപ്പിന്റെ പക്കല്‍ തന്നെയാണുള്ളതെന്നും ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായിട്ടില്ലെന്നും വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
ഗിരീഷ് നല്‍കിയ കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബി എം ജയശങ്കര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരല്ലെന്നും സംഭവത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്നും കാട്ടി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും വ്യവസായ വകുപ്പിന്റെ പങ്ക് സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും ഇത് സംബന്ധിച്ച റിപോര്‍ട്ട് മെയ് രണ്ടിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ- ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി പി വിജയകുമാരന്‍, വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരില്‍ നിന്നു തെളിവെടുപ്പ് നടത്തിയെന്നും വിജിലന്‍സ് എസ്പി കെ ജയകുമാര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൊഴികളുടെ പകര്‍പ്പും കോടതിക്ക് കൈമാറിയിട്ടുണ്ട്.
സന്തോഷ് മാധവന്‍ ഇടനിലക്കാരനായി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ സ്ഥലവും നിലവും തൃശൂര്‍, കൊടുങ്ങല്ലൂര്‍ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ല്‍ വില്‍പന നടത്തിയിരുന്നു. എന്നാല്‍, ഈ ഭൂമി 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരേ സന്തോഷ് മാധവന്റെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it