Thiruvananthapuram

മികവ് പറഞ്ഞ് ഇലകമണ്‍; പോരായ്മകള്‍ എണ്ണി പ്രതിപക്ഷം

സുരേഷ് വര്‍ക്കല

വര്‍ക്കല: മികച്ച ഭരണസമിതിയെന്ന പ്രശംസ പലകോണുകളില്‍നിന്നും പിടിച്ചുപറ്റിയ ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിനെ ഇതിനോടകം തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബഹുമതിയും തലസ്ഥാന ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും കരസ്ഥമാക്കിയ പഞ്ചായത്തില്‍ ദാരിദ്ര ലഘൂകരണത്തിന് ഒരു പരിഗണനയും യു.ഡി.എഫ് ഭരണ നേതൃത്വം നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നികുതികള്‍ യഥാസമയം പിരിച്ചെടുക്കുവാനും ജനകീയാസൂത്രണ പദ്ധതികള്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാനുമായി.

വികസന ഫണ്ടുകള്‍ നിര്‍ണായക പദ്ധതികള്‍ക്ക് വിനിയോഗിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥരെയും പ്രതിപക്ഷാംഗങ്ങളെയും ഏകോപിപ്പിച്ചും അഭിപ്രായങ്ങള്‍ ് സമന്വയിപ്പിച്ചുമാണ് ഭരണസമിതി നാളിതുവരെ പ്രവര്‍ത്തിച്ചു പോന്നതെന്ന് നേതൃത്വം അവകാശപ്പെടുന്നു.കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് ഇലകമണ്‍. വാമനപുരം പദ്ധതിയെ കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തുകയും മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് കമ്മീഷന്‍ ചെയ്തതും നേട്ടമായി. ഒപ്പം കായല്‍പുറം കുടിവെള്ള പദ്ധതി വിപൂലീകരിച്ചു. എന്നാല്‍ കുടിവെള്ളക്ഷാമം പൂര്‍ണതോതില്‍ പരിഹരിക്കാനായില്ലെന്നും കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ഒരുക്കാനായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അയിരൂര്‍ ആറിനെ പുനരുദ്ധരിച്ച് തടയണകള്‍ കെട്ടി കൃഷിക്ക് ഉപയുക്തമാക്കുമെന്ന ഭരണ നേതൃത്വത്തിന്റെ വാഗ്ധാനം പാലിക്കാനായില്ല.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സംഭരണ വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്ന പൊതുജനങ്ങളുടെ ആവശ്യം ലക്ഷ്യം കണ്ടില്ല. തൊഴില്‍ സേന രൂപവല്‍കരിക്കാനായില്ല. എന്‍.ആര്‍.ഇ.ജി.എസ്. തൊഴിലാളികളെ കര്‍ഷകരുമായി യോജിപ്പിച്ച് മുന്നേറാന്‍ ആയില്ല. എന്നാല്‍ നെല്‍ക്കൃഷി വികനസത്തിന് ഒരു കോടിയിലധികം രൂപ ചെലവിടുകയും കുടുംബശ്രീ, സംഘകൃഷി യൂനിറ്റുകള്‍ എന്നിവയെ കൊണ്ട് തരിശിടങ്ങളില്‍ കൃഷി ഇറക്കാനായെന്ന് ഭരണസമിതി അവകാശപ്പെടുന്നു.

തടയണകള്‍, ചെറുപാലങ്ങള്‍, തോടുകളുടെ സംരക്ഷണം എന്നിവയ്ക്ക് ഒരു കോടിയിലധികം ചെലവിട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇത്തരം പദ്ധതിപ്രകാരം അവസരങ്ങള്‍ ഉണ്ടായത്. അത്യാധുനിക തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. സര്‍ക്കാരിന്റെ കിന്‍ഫ്ര ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പഞ്ചായത്തിന് ലഭിച്ചതും പ്രത്യേകയാണ്.

രാജീവ് ഗാന്ധി സേവാകേന്ദ്രം പ്രാവര്‍ത്തികമാക്കി. ഭരണം ഏറെകുറേ സുതാര്യമായെങ്കിലും ദാരിദ്ര നിര്‍മാര്‍ജനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാനായില്ല. അഭ്യസ്ത വിദ്യരായുള്ള പ്രദേശവാസികള്‍ക്ക് തൊഴിലവരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഏറെ കൊട്ടിഘോഷിച്ച കായല്‍ ടൂറിസം വികസനം കാണാതെ പോയി. കുടുംബ ശ്രീ യൂനിറ്റുകള്‍ക്ക് ചെറുകിട വ്യവസായികാടിസ്ഥാനത്തില്‍ പുരോഗതി കൈവരിക്കാനായില്ല. തെങ്ങ് കയറ്റ പരിശീലനം ഫലപ്രദമായെങ്കിലും നാളികേര പുനരുദ്ധാരണ പദ്ധതി പാളി. നേട്ടങ്ങളുടെ നെറുകയില്‍ എന്ന് അവകാശപ്പെടുമ്പോഴും ആവശ്യം വേണ്ട ചില കാര്യങ്ങളില്‍ ഭരണ സമിതിക്ക് നോട്ടപിശകുണ്ടായതായി ജനം വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it