palakkad local

മികച്ച മലിനീകരണ നിയന്ത്രണത്തിന് ജില്ലയ്ക്ക് 13 പുരസ്‌കാരങ്ങള്‍

പാലക്കാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ 2016 ലെ പുരസ്‌കാരങ്ങള്‍ക്ക് ജില്ലയിലെ 13 സ്ഥാപനങ്ങള്‍ അര്‍ഹമായി. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അവ കാര്യക്ഷമമായി ചെയ്ത വ്യവസായശാലകള്‍ക്കാണ് പുരസ്‌കാരം. എക്‌സലന്‍സ്, ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍, പ്രോല്‍സാഹന സമ്മാനം എന്നിവയാണ് പുരസ്‌കാരങ്ങള്‍.
നഗരസഭകളില്‍ ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി രണ്ടാം സ്ഥാനം നേടി. വലിയ വ്യവസായ ഗണത്തില്‍ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ബി ഇ എം എലിന് പ്രോല്‍സാഹന സമ്മാനവും ഇടത്തരം വ്യവസായത്തില്‍ കഞ്ചിക്കോട്ടെ യൂണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന് എക്‌സലന്‍സ് പുരസ്‌കാരവും കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന കോട്ടക്കല്‍ ആര്യ വൈദ്യശാല രണ്ടാം സ്ഥാനവും കണ്ണമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ഡെക് ആര്‍ കെ ലാറ്റക്‌സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി.
ഡയറിയില്‍ കല്ലേപ്പുള്ളിയിലുള്ള എം ആര്‍ സി എം പി യൂ ലിമിറ്റഡ് രണ്ടാം സ്ഥാനം നേടി. എന്‍ജിനീയറിങ് ആന്റ് ഇലക്‌ട്രോണിക്‌സ് ഇന്‍ഡസ്ട്രീസ് വിബാഗത്തില്‍ കഞ്ചിക്കോട്ടെ ഐ ടി ഐ മൂന്നാം സ്ഥാനവും പ്രിന്റ് ആന്റ് വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ പാലക്കാട് മനോരമ യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.
ആയുര്‍വേദ ആശുപത്രിയില്‍ കൊല്ലങ്കോടുള്ള കളരി കോവിലകം ആയുര്‍വേദിക് ഹോസ്പിറ്റല്‍ പ്രോല്‍സാഹന സമ്മാനവും ഇരുനൂറ് കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ പട്ടാമ്പി സേവന ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും നൂറ് കിടക്കകള്‍ ഉള്ളവയില്‍ മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയും പട്ടാമ്പി നിള ഹോസ്പിറ്റല്‍ പ്രോല്‍സാഹന സമ്മാനവും നേടി. മറ്റു സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്റ് നോളേജ് വില്ലേജ് എക്‌സലന്‍സ് പുരസ്‌ക്കാരം നേടി. ലോക പരിസ്ഥിതി ദിനമായി ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കണ്ണൂര്‍ മസ്‌കറ്റ് പാരഡൈസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ കെ ശൈലജ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it