മികച്ച പ്രകടനം കാഴ്ചവച്ചതായി എന്‍ഡിഎ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി മികച്ച പ്രകടനം കാഴ്ചവച്ചതായി തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. നേമത്ത് വിജയിച്ച ഒ രാജഗോപാലിനെ യോഗം അഭിനന്ദിച്ചു. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യ സഖ്യം ഉയര്‍ന്നുവന്നുവെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഒമ്പത് ശതമാനം വോട്ടുവിഹിതവും 20 ലക്ഷം വോട്ടും നേടിയത് എന്‍ഡിഎയുടെ ചരിത്ര വിജയമാണെന്നും യോഗം വിലയിരുത്തി.
ഫാഷിസ്റ്റ് മുഖ്യമന്ത്രിയാവാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. എല്‍ഡിഎഫിന്റെ ഏകബദലെന്ന തിരിച്ചറിവില്‍ ഒരാളെപ്പോലും ജയിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ ഫാഷിസമാണ്. ഇത്തരം പ്രകോപന പ്രചാരണങ്ങളിലൂടെ ന്യൂനപക്ഷങ്ങളില്‍ ഭീതിയുളവാക്കുന്നതില്‍ സിപിഎം ഒരുപരിധിവരെ വിജയിച്ചെന്ന് എന്‍ഡിഎ യോഗം വിലയിരുത്തിയതായി കുമ്മനം അറിയിച്ചു. സംസ്ഥാനത്ത് എന്‍ഡിഎയെ തരംതാഴ്ത്താന്‍ ശ്രമിച്ചവര്‍ അതില്‍ വിജയിച്ചില്ല. തിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം കാലം കാത്തിരുന്ന ഉജ്ജ്വലമുഹൂര്‍ത്തമാണ്. വോട്ട് വിഹിതത്തിലെ വര്‍ധനവിന്റെ കാര്യത്തില്‍ ഇരുമുന്നണികളെക്കാളും മികച്ച വിജയം ദേശീയ ജനാധിപത്യ മുന്നണിക്കാണെന്നാണ് കണക്കുകള്‍ കാട്ടുന്നത്. വെറുപ്പുളവാക്കുന്ന തരംതാണ പ്രചാരണങ്ങളിലൂടെ മറ്റു മുന്നണികള്‍ ഉണ്ടാക്കിയെടുത്ത വിജയം താല്‍ക്കാലികമാണെന്നും വിലയിരുത്തലുണ്ടായി.
തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റത്തില്‍ വിഭ്രാന്തിയുണ്ടായ സിപിഎം ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന കാഴ്ചയാണ് മലബാറില്‍ കാണുന്നത്. സിപിഎം വിട്ട് ബിജെപിയുടെ ബൂത്തുകളില്‍ ഇരുന്നതിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തിലെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ നിവേദകസംഘം വൈകാതെ ഗവര്‍ണറെ കാണും. പല മണ്ഡലങ്ങളിലെയും കള്ളവോട്ട് സംബന്ധിച്ച് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹരജി കൊടുക്കുമെന്നും കുമ്മനം അറിയിച്ചു.
Next Story

RELATED STORIES

Share it