മാസങ്ങള്‍ നീണ്ട ഉപരോധത്തിനു ശേഷം പ്രതീക്ഷയോടെ മദായ

ദമസ്‌കസ്: സര്‍ക്കാര്‍ സൈന്യം ഉപരോധിക്കുന്ന സിറിയന്‍ നഗരമായ മദായയിലേക്കുള്ള യുഎന്‍ സഹായ വിതരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. അവശ്യസാധനങ്ങള്‍ വഹിച്ചുള്ള യുഎന്‍ വാഹനവ്യൂഹം മേഖലയിലേക്ക് പുറപ്പെട്ടു. മദായ കൂടാതെ മറ്റു രണ്ടു സിറിയന്‍ പ്രദേശങ്ങളിലും സഹായങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.
പ്രത്യേക ധാരണകള്‍ പ്രകാരം മദായാ, അല്‍ഫോഅ, കഫ്‌രിയ എന്നീ പ്രദേശങ്ങളില്‍ ഇന്നു മുതല്‍ സഹായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. നടപടിക്രമങ്ങളുടെ 80 ശതമാനവും പൂര്‍ത്തീകരിച്ചതായും റിപോര്‍ട്ട് വിവരിക്കുന്നു. ഏഴു മാസത്തോളമായി സിറിയന്‍ ഭരണകൂടവും ലബനാനിലെ ഹിസ്ബുല്ലാ പോരാളികളും മദായാ പ്രദേശം ഉപരോധിച്ചിരിക്കുകയാണ്.
ഉപരോധം കാരണം ഭക്ഷണമില്ലാതെ പുല്ലും ഇലകളും ഭക്ഷിച്ച് വിഷബാധയേറ്റ നിരവധി ആളുകള്‍ മദായയിലെ മെഡിക്കല്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആഹാരസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും അടങ്ങിയ 335 ടണ്‍ സഹായം ദമസ്‌കസില്‍നിന്നു മദായയിലേക്ക് പുറപ്പെടുമെന്ന് അല്‍ജസീറ ലേഖകന്‍ ഈഹാബ് അല്‍അഖ്ദി പറഞ്ഞു. റെഡ് ക്രോസിന്റെയും വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ യുഎന്‍ മേല്‍നോട്ടത്തിലാണ് സഹായപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it