kannur local

മാവോവാദി ഭീഷണി; സുരക്ഷയില്‍ പകച്ച് വോട്ടര്‍മാര്‍

ഇരിട്ടി: ഇരിട്ടി പോലിസ് സബ്ഡിവിഷനിലെ 9 പോളിങ് കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണം കണ്ട് പകച്ച്‌പോയത് വോട്ടര്‍മാര്‍. കേന്ദ്രസേനയുടെ തോക്കിന്‍ കുഴലിന്റെ സംരക്ഷണത്തില്‍ വോട്ട് ചെയ്തിറങ്ങിയ പലര്‍ക്കും ആശങ്ക അപ്പോഴും വിട്ടൊഴിഞ്ഞിരുന്നില്ല. പോളിങ് കേന്ദ്രത്തിലെ കവാടത്തിന് മുന്നില്‍ ആയുധധാരികളായ രണ്ട് സേനാ അംഗങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് വോട്ടര്‍മാരെ കടത്തിവിട്ടത്.
കേരള പോലിസിന്റെ ബോംബ് സക്വാഡ് പ്രത്യേകം കെട്ടിയുണ്ടാക്കിയ ബാരിക്കേഡിനുള്ളിലൂടെ ഓരോ വോട്ടറെയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ബൂത്തിലേക്ക് പ്രവേശിപ്പിച്ചത്. ബൂത്തിന്റെ കവാടത്തിലും അക്രമസാധ്യതയുള്ള വശങ്ങളിലുമായി രണ്ടും മൂന്നും സ്ഥലങ്ങളില്‍ മണല്‍ ചാക്കുകൊണ്ട് സുരക്ഷയൊരുക്കി യന്ത്രതോക്കേന്തിയ കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരുന്നു. വനത്തില്‍ നിന്നുള്ള മാവോവാദികളുടെ അക്രമം മുന്‍കൂട്ടി കണ്ടെത്താന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ 32 പോലിസുകാരും വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍, ആറളം ഫാം സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് ബൂത്തുകള്‍, കോളിത്തട്ട് സ്‌കൂള്‍, അമ്പായത്തോട്, പാലത്തുവയല്‍, കൊമ്മേരി, ശാന്തിഗിരി, പൂളക്കുറ്റി എന്നിവിടങ്ങളിലായിരുന്നു മാവോയിസ്റ്റ് ഭീതിയിണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയത്.
ആദിവാസികള്‍ ഉള്‍പെടെയുള്ള വോട്ടര്‍മാര്‍ക്ക് കനത്ത സുരക്ഷയിലും പരിശോധനയിലുമുള്ള വോട്ടെടുപ്പ് കൗതുകവും ഒപ്പും ആശങ്കയുമുണ്ടാക്കി. മേഖലയില്‍ തികച്ചും സമാധാന പരമായിരുന്നു പോളിങ്.
Next Story

RELATED STORIES

Share it