മാവോവാദി ബന്ധ ആരോപണം; നിയാംഗിരിയില്‍ ആദിവാസികള്‍ വേട്ടയാടപ്പെടുന്നു: എന്‍സിഎച്ച്ആര്‍ഒ

ഭുവനേശ്വര്‍: മാവോവാദികള്‍ എന്നാരോപിച്ച് ഒഡീഷ ഭരണകൂടം കാലഹണ്ടി, റായ്ഗഡ ജില്ലകളില്‍പ്പെട്ട നിയാംഗിരി കുന്നുകളില്‍ ആദിവാസികളെ വേട്ടയാടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) നിയോഗിച്ച വസ്തുതാന്വേഷണ സംഘം.
മാവോവാദികള്‍ തങ്ങളുടെ ചില ആവശ്യങ്ങളെ പിന്തുണയ്ക്കുമെങ്കിലും തങ്ങള്‍ക്ക് അവരുമായി ഒരു അടുപ്പവുമില്ലെന്ന് ആദിവാസി നേതാക്കളായ ലിംഗരാജ് അജദ്, ലഡോ സികാക്ക എന്നിവര്‍ പറഞ്ഞു. വേദാന്ത റിസോഴ്‌സ് എന്ന ഖനന കമ്പനിക്കു വേണ്ടിയാണ് ഒഡീഷ ഭരണകൂടം പോലിസിനെയും മറ്റ് പ്രത്യേക സുരക്ഷാ സംഘങ്ങളെയും നിയോഗിക്കുന്നത്. ഇടയ്ക്കിടെ പോലിസ് ചിലരെ തട്ടിക്കൊണ്ടു പോവുന്നുവെന്ന് എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു. പലരുടെയും പേരില്‍ പോലിസ് കള്ളക്കേസ് എടുക്കുന്നു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തകയായ വേദാന്ത രംഗത്തുവന്നതോടെയാണ് ഒഡീഷയിലെ ഗോത്രവര്‍ഗക്കാരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായത്. ഈയിടെ മാവോവാദിയെന്നാരോപിച്ച് മണി കട്രക എന്ന ബാലനെ പോലിസ് വെടിവച്ചു കൊന്നു. നിയാംഗിരി കുന്നുകളിലെ ഖനിജങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ഇത്തരം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ലക്ഷ്യമെന്ന് സംഘം ആരോപിച്ചു. നിയാംഗിരിയില്‍ ഖനനം വിലക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവു നടപ്പാക്കുന്നതില്‍ സംസ്ഥാന ഭരണകൂടം അമാന്തം കാണിക്കുകയാണ്. എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സന്‍ പ്രഫ. എ മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണത്തില്‍ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ഖജാഞ്ചി നരേന്ദ്ര മൊഹന്തി, അഡ്വ. എം എ മൊമിന്‍ ഹൈദര്‍ (മുര്‍ഷിദാബാദ്), അബ്ദുല്‍ ഹന്നാന്‍ (റാഞ്ചി) പങ്കെടുത്തു.
വിശദമായ റിപോര്‍ട്ട് ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നതാണെന്ന് റെനി ഐലിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it