wayanad local

മാവോവാദി പ്രവര്‍ത്തനങ്ങള്‍; നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം

മാനന്തവാടി: മാവോവാദി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഉന്നത പോലിസ് അധികാരികളുടെ യോഗത്തില്‍ തിരുമാനിച്ചു.
മാവോവാദി പ്രവര്‍ത്തനം വയനാട്ടില്‍ ശക്തമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചാര്‍ജെടുത്ത ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഡിവൈഎസ്പി ഓഫിസില്‍ അടിയന്തര യോഗം ചേര്‍ന്നത്. ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പിമാരും സിഐമാരും പങ്കെടുത്തു. രൂപേഷിന്റെ അറസ്റ്റിന് ശേഷം മാവോവാദി പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നായിരുന്നു പോലിസിന്റെ നിഗമനം.
എന്നാല്‍, തിരഞ്ഞെടുപ്പ് ബഷ്‌കരിക്കണമെന്ന ആവശ്യവുമായി തിരുനെല്ലിയില്‍ ഒക്ടോബര്‍ 27ന് മാവോവാദി സംഘം പരസ്യമായി ജനങ്ങളുടെ ഇടയിലെത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പായതിനാല്‍ ജനങ്ങള്‍ക്ക് ഭയമുണ്ടാവുമെന്ന നിരീക്ഷണത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാതെ പോലിസ് മറ്റ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനമേഖലയില്‍ കര്‍ണാടക പോലിസ്, വനംവകുപ്പ്, ക്യൂ ബ്രാഞ്ച് എന്നിവരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്താനും വനംവകുപ്പുമായി സഹകരിച്ച് വനത്തിനുളളില്‍ ആധുനിക നിരീക്ഷണ സംവിധാനമുള്ള സ്ഥിരം ക്യംപ് തുടങ്ങാനും ധാരണയായി. തണ്ടര്‍ബോള്‍ട്ടിനെ കുടതെ ഐആര്‍ബി ടിമിനെയും നിയോഗിക്കും. കോറോം പോലിസ് ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കും. കേരള-കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ കലക്ടമാര്‍ പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും.
വയനാട്ടിലെ ചില സ്ഥലങ്ങള്‍ കേന്ദ്രികരിച്ച് മാവോവാദി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നാണ് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. യോഗത്തില്‍ ഡിഐജി ദിനേന്ദ്രകശ്യപ്, ജില്ലാ പോലിസ് സൂപ്രണ്ട് പുഷ്‌കരന്‍ എന്നിവരും പങ്കെടുത്തു. കനത്ത സുരക്ഷയിലാണ് യോഗം നടന്നത്.
Next Story

RELATED STORIES

Share it