wayanad local

മാവോവാദിയെന്ന് മുദ്രകുത്താന്‍ ശ്രമമെന്ന്

മാനന്തവാടി: കുടുംബ വൈരാഗ്യത്തിന്റെ പേരില്‍ മാവോയിസ്റ്റാണെന്ന് മുദ്രകുത്താന്‍ ശ്രമം നടത്തുന്നതായി പരാതി. നിരവില്‍പുഴ മട്ടിലയം പാലമൊട്ടും കുന്ന് കരുണാകരനാണ് തന്നെ രൂപേഷിനും മാവോസംഘത്തിനും സഹായംചെയ്തതായി കാണിച്ച് മാവോവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
2014 ഏപ്രില്‍ 24 ന് മാനന്തവാടി ട്രാഫിക് പോലിസുകാരനായ മട്ടിലയത്തെ പ്രമോദിന്റെ വീട്ടില്‍ രൂപേഷും സംഘവുമെത്തി ബൈക്ക് കത്തിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേസ് ഇപ്പോള്‍ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പോലിസുകാരന്‍ പ്രമോദും പ്രമോദിന്റെ അമ്മാവന്‍ കൂടിയായ കരുണാകരനും തമ്മില്‍ പത്ത് വര്‍ഷത്തോളമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ താന്‍ മാവോവാദികള്‍ക്ക് സഹായം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രമോദ് മൊഴി നല്‍കുകയായിരുന്നുവത്രെ. ഇതോടെ പലരും നിത്യേന ഫോണിലൂടെയും നേരിട്ടുമെത്തി പീഢിപ്പിക്കുകയാണ്.
വിവിധ പോലിസ് ഏജന്‍സികളില്‍ നിന്നുള്ളവരാണ് തന്നെ ചോദ്യം ചെയ്യുന്നത്. ഇത്കൂടാതെ പ്രദേശത്തും തന്നെ മാവോഅനുകൂലിയായി ചിത്രീകരിക്കുന്നതായും കരുണാകരന്‍ പറയുന്നു. പ്രമോദിന്റെ വീട്ടില്‍ മാവോവാദികള്‍ എത്തി ബൈക്ക് കത്തിച്ചതുമായോ മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്നതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നിരിക്കെ കുടുംബ വൈരാഗ്യം കാരണം പോലീസുകാരനായ പ്രമോദ് തന്നെ മനപ്പൂര്‍വം കേസിലകപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് കരുണാകരന്റെ പരാതി. പ്രമോദിനെതിരെ നേരത്തെ ആഭ്യന്തര മന്ത്രിക്കുള്‍പ്പെടെ കരുണാകരന്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it