Kerala

മാവോവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; രണ്ടുപേര്‍ക്കെതിരേ യുഎപിഎ

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയില്‍ പോലിസിനെ വെടിവച്ചതെന്നു സംശയിക്കുന്ന മാവോവാദി സംഘത്തിനായി വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി. സംഘത്തില്‍ ഉണ്ടായിരുന്നതെന്നു പോലിസ് പറയുന്ന വയനാട് സ്വദേശി സോമന്‍, അട്ടപ്പാടി പുതൂര്‍ പന്നിയൂര്‍പ്പടിക സ്വദേശി അയ്യപ്പന്‍ എന്നിവര്‍ക്കെതിരേ  യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌യതായി അഗളി ഡിവൈഎസ്പി എ ഷാനവാസ് അറിയിച്ചു. കോഴിക്കോട്ടു നിന്നുള്ള നക്‌സല്‍ വിരുദ്ധസേനയും തണ്ടര്‍ബോള്‍ട്ട് സംഘവും വനമേഖലയില്‍ അഞ്ചംഗ മവോവാദികള്‍ക്കായി ഇന്നലെ വൈകുംവരെ തിരച്ചില്‍ നടത്തി. കടുകുമണ്ണയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി മാവോവാദി സാന്നിധ്യമുണ്ടായിരുന്നതായാണ് പോലിസിനു ലഭിച്ച വിവരം.

ഒരു സ്ത്രീ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘത്തിനായാണ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം, ഊരുകളിലെ സ്ഥിരംസന്ദര്‍ശകരായ സംഘത്തെ ഒറ്റുകൊടുക്കാന്‍ വനമേഖലയിലെ ആദിവാസികള്‍ തയ്യാറാവുന്നില്ലെന്നു പോലിസ് പറഞ്ഞു. എന്നാല്‍, പോലിസ് അകാരണമായി ആദിവാസികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുയരുന്നുണ്ട്.  വയനാടിനു പുറമേ അട്ടപ്പാടിയിലും ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ പോലിസും തണ്ടര്‍ബോള്‍ട്ടും ഏറെ ജാഗ്രതയോടെയാണു തിരച്ചില്‍ നടത്തുന്നത്. അട്ടപ്പാടി ഉള്‍പ്പെടുന്ന വനമേഖലയില്‍ മാവോവാദി സാന്നിധ്യം  നേത്തെ സ്ഥിരീകരിച്ചിരന്നെങ്കിലും ആദ്യമായാണ് പോലിസും മാവോവാദികളെന്നു സംശയിക്കുന്ന സംഘവും  ഏറ്റുമുന്നത്. രൂപേഷും ഷൈനയും ഉള്‍പ്പെടുന്ന അഞ്ചു മാവോവാദികള്‍ അറസ്റ്റിലായതിനു ശേഷവും കേരളത്തിലെ വനമേഖലയില്‍ മാവോവാദികള്‍ക്ക് ആദിവാസികളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതു പോലിസിനെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും അമ്പരപ്പിച്ചിരിക്കയാണ്.
Next Story

RELATED STORIES

Share it