Pathanamthitta local

മാവേലി സ്‌റ്റോറുകളില്‍ പൊതുവിപണിയേക്കാള്‍ വില

പന്തളം: പരമാവധി വില്‍പ്പന വിലയില്‍ കൃത്രിമം കാട്ടി നിത്യോപയോഗ സാധനങ്ങള്‍ക്ക് മാവേലി സ്റ്റോറുകളില്‍ വിപണിയേക്കാള്‍ വിലയെന്ന് ഉപഭോക്താക്കള്‍. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവക്കെല്ലാം വിപണി വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതായാണ് ആക്ഷേപം. ചാക്കുകള്‍ക്ക് മുകളിലെ പരമാവധി വില്‍പ്പന വിലയേക്കാള്‍ അധികം വില ബില്ലില്‍ കാണിച്ചും രേഖപ്പെടുത്തിയുമാണ് സാധാരണക്കാരന്റെ കീശയില്‍ നിന്നു പണം ഈടാക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ച ഇനങ്ങള്‍ക്കു പോലും വില അധികമാണെന്നാണ് പരാതിയുളളത്. പെരിയാര്‍ സോര്‍ട്ടക്‌സ് അരി പത്തു കിലോയ്ക്ക് 370 രൂപയ്ക്ക് പൊതു വിപണിയില്‍ ലഭിക്കുമെന്നിരിക്കെ, 402 രൂപയാണ് സര്‍ക്കാര്‍ നിയന്ത്രിത വില. കിലോയ്ക്ക് 37 രൂപയ്ക്ക് പരം നാല്‍പ്പതിലധികം നല്‍കണം. പത്തുകിലോ ചാക്കിന് മുകളില്‍ 489 രൂപയാണ് എം.ആര്‍.പി.രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ബില്ലില്‍ ഇത് 522 ആയി രേഖപ്പെടുത്തിയിരിക്കുന്നു.
522ല്‍ നിന്നു 120 രൂപ കുറച്ച് നല്‍കുകയാണെന്ന് ബില്ലില്‍ രേഖപ്പെടുത്തുന്നു. പൊതു വിപണിയേക്കാള്‍ കുറഞ്ഞത് 30 രൂപയെങ്കിലും അധികമാണെന്ന് കണ്ടെത്താന്‍ കഴിയും. വെളിച്ചെണ്ണ വില പൊതുവിപണിയില്‍ 110-115 ഉള്ളപ്പോള്‍ ശബരി ഒരുകിലോ പായ്ക്കറ്റിന് 128 ആണ് വില. 18 രൂപയാണ് ഇവിടെ അധികമായി ഈടാക്കുന്നത്.
പഞ്ചസാര വില വിപണിയില്‍ 32 വരെ എത്തിനില്‍ക്കുമ്പോള്‍ 31.50 ആണ് വിലപിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനങ്ങളിലെ വില. ഉഴുന്നുവില അടുത്തിടെ ഉയര്‍ന്നപ്പോള്‍ ഇതിന് പരിഹാരമായി സര്‍ക്കാര്‍ സംരംഭങ്ങളില്‍ വില കുറച്ച് വില്‍ക്കുന്നതായി അറിയിച്ചിരുന്നു. 170 രൂപ വിപണി വിലയുള്ളപ്പോള്‍ 167 ആണ് ഇവിടങ്ങളിലെ നിരക്ക്. തുവര, ചെറുപയര്‍, പച്ചരി തുടങ്ങിയവയുടെ വിലയിലും പൊതു വിപണിയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും തമ്മില്‍ വലിയ വ്യത്യാസമില്ല.
Next Story

RELATED STORIES

Share it