Alappuzha local

മാവേലിക്കരയില്‍ പോര് മുറുകി

ചാരുംമൂട്: മാവേലിക്കരയില്‍ സീറ്റ് നില നിര്‍ത്താന്‍ എല്‍ഡി എഫും പിടിച്ചെടുക്കാന്‍ യുഡി എഫും പോര് ശക്തമാക്കി. നിലവിലെ എംഎല്‍എ ആര്‍ രാജേഷിനെ നേരിടാന്‍ യുഡിഎഫ് ഇത്തവണ രംഗത്ത് ഇറക്കിയത് കെപിഎംഎസ് (പുന്നല വിഭാഗം) ജന. സെക്രട്ടറിയും, മുന്‍ ഡിസിസി സെക്രട്ടറിയുമായ ബൈജു കലാശാലയെയാണ്.
പന്തളം സംവരണ മണ്ഡലമാണ് പിന്നീട് മാവേലിക്കര മണ്ഡലമായിമാറിയത്. പന്തളം മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും നിലവിലെ മണ്ഡലത്തിലാണുള്ളത്. 2001 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ ഗൗരിയമ്മയുടെ ജെഎസ്എസിനു നല്‍കിയതോടെ യു ഡി എഫ് സ്ഥാനാര്‍ഥി ആയിരുന്ന മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ കെ ഷാജു അട്ടിമറി വിജയം നേടുകയായിരുന്നു. കെ എല്‍ ബിന്ദുവിനെയായിരുന്നു പരാജയപ്പെടുത്തിയത്.
2006ലെ തിരഞ്ഞെടുപ്പിലും കെ കെ ഷാജു വിജയിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ രാഘവനെയാണു പരാജയപ്പെടുത്തിയത്. തുടര്‍ന്ന് 2001 ല്‍ മണ്ഡലം പുനര്‍ നിര്‍ണയിച്ചതോടെ മാവേലിക്കര ആയപ്പോഴും വീണ്ടും യുഡിഎഫിനായി കെ കെ ഷാജു മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കന്നി അങ്കം കുറിച്ച എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന ആര്‍ രാജേഷ് ആണു വിജയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു ആര്‍ രാജേഷ് വീണ്ടും ജനവിധി തേടുന്നത്. എന്നാല്‍ മാവേലിക്കരയില്‍ യാതൊരു വികസന പ്രവര്‍ത്തങ്ങളും നടന്നിട്ടില്ലായെന്നു യുഡിഎഫ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it