kozhikode local

മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമി സംബന്ധിച്ച രേഖകളില്ല

കോഴിക്കോട്: മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമി സംബന്ധിച്ച യാതൊരുവിവരങ്ങളുമില്ല. പഞ്ചായത്തില്‍ എത്ര അളവില്‍ ഏതൊക്കെ സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ട് എന്നതിന് കൃത്യമായ രേഖകളില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട് പറയുന്നു. റവന്യൂ അധികൃതരുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ച് ആസ്തി റജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ പുറമ്പോക്ക് ഭൂമി സംബന്ധിച്ച റജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യുന്നില്ല.
ഇത്തരത്തിലുള്ള ഭൂമികള്‍ കണ്ടെത്തി കല്ലുകള്‍ സ്ഥാപിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കായി ലീസിന് നല്‍കിയിരുന്നെങ്കില്‍ പഞ്ചായത്തിന്റെ തനതു വരുമാനം വര്‍ധിപ്പിക്കാമായിരുന്നു. റവന്യൂ അധികൃതരുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിക്കണമെന്നും റിപോര്‍ട് ശുപാര്‍ശ ചെയ്യുന്നു.
2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ ചാലിയാറില്‍ നിന്ന് പരിധിയില്‍ കുടുതല്‍ മണല്‍ ഖനനം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നിയമപ്രകാരം പ്രതിമാസ മണലിന്റെ അളവ് വിദഗ്ദ സമിതി മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമാണ് നിശ്ചയിക്കേണ്ടത്. ഈ രീതിയില്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് കടവുകളില്‍ നിന്നും 2012-13 വര്‍ഷം ഖനനം ചെയ്യാവുന്ന മണലിന്റെ പരിധി നിശ്ചയിച്ചിരുന്നെങ്കിലും കൂടുതല്‍ മണല്‍ ഖനനം ചെയ്തു.
11944 ടണ്‍ മണലാണ് അധികമായി ഖനനം ചെയ്തത്. എളമരം കടവ് (2110 ടണ്‍), മണന്തല കടവ് (3449), കല്‍പ്പള്ളി (980), താഴെ കല്‍പ്പള്ളി (435), ഊര്‍ക്കടവ് (4970) എന്നിങ്ങനെയാണ് കണക്ക്.
എളമരം, ഊര്‍ക്കടവ്, താഴെ കല്‍പ്പള്ളി, കല്‍പ്പള്ളി, മണന്തല കടവ് എന്നിവിടങ്ങളില്‍ മണല്‍ രശീതി പിരിവിലെ അപാകത മൂലം വരവില്‍ 8974 രൂപ നഷ്ടം വന്നു. മണ്ണെടുക്കുന്ന ലോറികള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടി പോവുന്നതിന് നല്‍കുന്ന പാതാര്‍ കൂലി നിയമവിരുദ്ധമാണെന്നും റിപോര്‍ട് നിരീക്ഷിക്കുന്നു.
കണ്ണംപിലാക്കല്‍ കണിയാത്ത് റോഡില്‍ കരിങ്കല്ല് പതിച്ചതിന് മുകളിലാണ് കോണ്‍ക്രീറ്റ് ചെയ്തത്. ഇത് ചട്ടവിരുദ്ധമായതിനാല്‍ ചെലവായ 149293 രൂപ ഓഡിറ്റ് നിരാകരിച്ചു. ഇത് കുന്ദമംഗലം ബ്ലോക്ക് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ അസി.എഞ്ചിനീയറില്‍ നിന്ന് തുല്യമായി ഈടാക്കണം.
ടാക്‌സിസ്റ്റാന്റ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുത്തതും കേസ് നടത്തിയുമായും ബന്ധപ്പെട്ടു അപാകതകളുണ്ടെന്നു റിപോര്‍ട് പറയുന്നു. കേസില്‍ സബ്‌കോടതിയുടെ അറിയിപ്പുണ്ടായിട്ടും പഞ്ചായത്ത് സമയത്ത് വക്കാലത്ത് സമര്‍പ്പിച്ചില്ല. അതിനാല്‍ പഞ്ചായത്തിനെതിരെ ഏകപക്ഷീയ വിധിയുണ്ടായി. കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാവും മുമ്പേ, എതിര്‍കക്ഷിയുമായി ധാരണയുണ്ടാക്കി പിന്‍വലിച്ചു.
അതിനാല്‍ ചെലവായ 14 ലക്ഷം രൂപ ഓഡിറ്റ് തടസപ്പെടുത്തി. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ഓഡിറ്റ് ആവശ്യപ്പെടുന്നു.
കേരളാ പഞ്ചായത്ത് രാജ് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് 32 പേരില്‍ നിന്ന് പെര്‍മിറ്റ് ഫീസ് കുറവ് ഈടാക്കി. 13105 രൂപയാണ് പഞ്ചായത്തിന് നഷ്ടമുണ്ടായത്. തൊഴില്‍ നികുതി നിര്‍ണയിക്കുന്നതിലും ഈടാക്കുന്നതിലും അപാകതകളുണ്ട്.
സിനിമാ തീയേറ്റര്‍ ജീവനക്കാരുടെ തൊഴില്‍ നികുതി ഈടാക്കിയില്ല, അര്‍ധ വാര്‍ഷിക വരുമാനം രേഖപ്പെടുത്താതെ വരുമാന പത്രിക സമര്‍പ്പിക്കുന്നു, സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴില്‍നികുതിയിളവ് നല്‍കുന്നു, സിബിഎസ്ഇ സ്‌കൂളില്‍ നിന്നും ഈടാക്കുന്ന തൊഴില്‍ നികുതിയില്‍ കുറവ്, സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ സ്‌കൂളുകളില്‍ നിന്ന് തൊഴില്‍ നികുതി ഈടാക്കുന്നതിനാല്‍ നികുതിയിനത്തില്‍ കുറവ് വരുന്നു തുടങ്ങിയ നിരവധി നിരീക്ഷണങ്ങളുണ്ട് റിപോര്‍ടില്‍.
2012-13-2014 കാലത്തെ ചെലവിനങ്ങളിലെ നഷ്ടം/ ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക 373001 രൂപയും ഓഡിറ്റില്‍ തടസപ്പെടുത്തിയ തുക 2682201 രൂപയുമാണ്.
Next Story

RELATED STORIES

Share it