thrissur local

മാള വന്‍തോട് സംരക്ഷണഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നു

മാള: വര്‍ഷക്കാലത്തുണ്ടാവുന്ന അമിതമായ വെള്ളത്തെ ഒഴിവാക്കാനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനുമായി ലക്ഷ്യമിട്ടുള്ള വന്‍തോട് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നു. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍പ്പെടുന്ന വന്‍തോടിന്റെ 1200 മീറ്റര്‍ ഭാഗത്താണ് നിലവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. തോടിന്റെ കയ്യേറ്റം നടന്ന ഭാഗങ്ങളില്‍ കുറേയേറെ ഒഴിവാക്കിയാണ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍(കെഎല്‍ഡിസി) രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ പെടുത്തി അനുവദിച്ച 2.70 കോടി രൂപ വിനിയോഗിച്ചാണ് വന്‍തോട് വികസനത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2015-16 വാര്‍ഷീക പദ്ധതിയില്‍ പെടുത്തിയാണ് ഫണ്ടനുവദിച്ചത്. കൊച്ചുകടവ് കുണ്ടൂര്‍ റോഡില്‍ വന്‍തോട് പാലത്തിന് സമീപത്തുള്ള തോടാണിപ്പോള്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വീതി കൂട്ടി പണിയുന്നത്. മൂന്ന് മുതല്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തിലും ഒരു മീറ്റര്‍ വീതിയിലും കരിങ്കല്ലുപയോഗിച്ചാണ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം. കെഎല്‍ഡി സി പദ്ധതിയില്‍ ഇരുവശത്തും ജീപ്പ് റോഡ് പണിയുമെന്ന വാഗ്ദാനം ഇവിടെ വെറും വാഗ്ദാനം മാത്രമായി മാറി.
തോടിന്റെ ഇരുകരകളിലും താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങളുടെ ഭീതിക്കും ഇതോടെ അവസാനമാവും. ഓരോ മഴക്കാലത്തും മഴവെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം പുരയിടങ്ങളുടേയും പറമ്പുകളുടേയും അതിര്‍ത്തികളില്‍ നിന്ന് മണ്ണൊലിച്ച് പോയിരുന്നത് വലിയ തോതിലുള്ള ഭീതിയാണ് തോടിന്റെ ഇരുകരകളിലുമുള്ളവരിലുണ്ടായിരുന്നത്.
മഴ തിമിര്‍ത്ത് പെയ്യുമ്പോഴും ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിടുമ്പോഴുമുണ്ടാകുന്ന വെള്ളക്കെട്ട് ചാലക്കുടി പുഴയിലേക്ക് ഒഴുകി പോകാന്‍ ഉതകുന്ന വന്‍തോട് കൂടുതല്‍ വ്യാപ്തിയിലും ആഴത്തിലുമായത് വളരെയേറെ ഗുണപ്രദമാകും. വേനല്‍ക്കാലത്ത് കൃഷിക്കും കുടിവെള്ളത്തിനും വളരെയേറെ ഉപകാരപ്രദമാണ് വന്‍തോട്.
ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുകടവ്, കുണ്ടൂര്‍, എരവത്തൂര്‍, മേലാംതുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങളിലെ കാര്‍ഷിക രംഗത്തിന് പുത്തനുണര്‍വേകാന്‍ പദ്ധതി കൊണ്ടാവും. ഒപ്പം കിണറുകളിലെ ജലവിധാനത്തിനും ഗുണപ്രദമാകും പദ്ധതി. ഇതിനിടെ ഏതാനും വര്‍ഷം മുന്‍പ് പണിത സംരക്ഷണ ഭിത്തിയുടെ പല ഭാഗങ്ങളും തകര്‍ന്നിരിക്കയാണ്.
Next Story

RELATED STORIES

Share it