thrissur local

മാള ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ ഇരുനില കെട്ടിടം; നിര്‍മാണം പുരോഗതിയില്‍

മാള: കെ കരുണാകരന്‍ സ്മാരക മാള ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ ഇരുനില കെട്ടിടത്തിനായുള്ള പില്ലറുകളുടെ പണി പുരോഗമിക്കുന്നു. നാലു നില കെട്ടിടത്തിനാവശ്യമായ ഫൗണ്ടേഷനോടെയാണ് ഇരുനില കെട്ടിടം ഉയരുക. ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ ആവശ്യമായി വരുന്ന അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് നാലുനിലക്കുള്ള ഫൗണ്ടേഷനോടെ ഇരുനില കെട്ടിടം പണിയുന്നത്.
പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായ ഒ പി കെട്ടിടം , ഇഞ്ചക്ഷന്‍ റൂം, ലേബര്‍വാര്‍ഡ്, എക്‌സ്‌റേ പ്ലാന്റ്, കിച്ചന്‍ കെട്ടിടം എന്നിവ പൊളിച്ച് മാറ്റിയിടത്താണ് ഇരുനില കെട്ടിടം ഉയരുക. എല്ലാ ആധുനിക സൗകര്യങ്ങളും പുതുതായി വരുന്ന കെട്ടിടത്തില്‍ ലക്ഷ്യമിടുന്നു. ആറ് ഡോക്റ്റര്‍മാരുടെ സേവനം ഉറപ്പാക്കുന്ന ഒ പി വിഭാഗം , രോഗികള്‍ക്കായുള്ള വെയിറ്റിംഗ് റൂം, ഫാര്‍മസി , മെഡിക്കല്‍ സ്‌റ്റോര്‍, എക്‌സ്‌റേ പ്ലാന്റ്, ട്രീറ്റ്‌മെന്റ് റൂം , ലാബറട്ടറി എന്നിവക്ക് പുറമേ ലിഫ്റ്റ് , റാംബ് എന്നീ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും.
ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 1.60 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ആരോഗ്യ വകുപ്പുമന്ത്രി വി എസ് ശിവകുമാര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
നാലുമാസത്തിന് ശേഷമാണ് പണിയാരംഭിച്ചത്. കെട്ടിടം പണിയുന്നതിന്റെ ഭാഗമായി തടസ്സമായി വരുന്ന മരങ്ങള്‍ വെട്ടി മാറ്റാനുള്ള ടെന്‍ഡറില്‍ ആശുപത്രി സൂപ്രണ്ട് കള്ളക്കളി നടത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
കെട്ടിടങ്ങള്‍ ഉയരുമ്പോഴും ബന്ധപ്പെട്ട അനധിക്യതരുടെ ഭാഗത്ത് നിന്നുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഭാഗമായി സ്‌പെഷ്യലൈസ്ഡ് ഡോക്റ്റര്‍മാരടക്കം 11 ഡോക്റ്റര്‍മാരും എന്‍ ആര്‍ എച്ച് എമ്മിന്റെ ഭാഗമായുള്ള ഡോക്റ്റര്‍മാരും ആനുപാതികമായി 35 നഴ്‌സുമാരെങ്കിലും വേണ്ടിടത്ത് മൂന്നു ഡോക്റ്റര്‍മാരുടെയും നഴ്‌സിങ് സൂപ്രണ്ട് അടക്കം 12 നഴ്‌സുമാരുടേയും സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത് .
ആനുപാതികമായി മറ്റു സ്റ്റാഫിന്റേയും കുറവുണ്ട്. സെക്യൂരിറ്റി വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. നിലവില്‍ രണ്ട് എം എല്‍ ഏമാരുടെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച രണ്ട് ഇരുനില കെട്ടിടങ്ങളുണ്ട് . അശാസ്ത്രിയമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പക്ഷേ ആവശ്യത്തിനുതകുന്നില്ല. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ആതുരാലയത്തില്‍ കഴിഞ്ഞ 30 വര്‍ഷക്കാലമായി പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.
കഴിഞ്ഞ 13 വര്‍ഷക്കാലമായി കടിച്ചു തൂങ്ങിക്കിടക്കുന്ന സൂപ്രണ്ട് ആശ സേവ്യാര്‍ ആശുപത്രിയുടെ വികസനത്തിന് തടയിടുന്നതായി വ്യാപകമായുള്ള പരാതിയുമുണ്ട്.
Next Story

RELATED STORIES

Share it