thrissur local

മാളയില്‍ മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും വിലസുന്നു

മാള: നഗരത്തില്‍ സ്ഥപിച്ച സിസി ടിവി കാമറകളില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. മാളയില്‍ മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും വിലസുന്നു. സിസി ടിവി കാമറ സ്ഥിതി ചെയ്യുന്നതിന് അടുത്തും കാമറയുടെ പരിധിക്കുള്ളിലുമാണ് കഴിഞ്ഞ ദിവസം ഒരു കടയില്‍ മോഷണവും മറ്റൊരു ഭാഗത്ത് അജ്ഞാതന്റെ പിടിച്ചു പറിയുമുണ്ടായത്. കാമറകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇവ സംഭവിക്കുമായിരുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ആകെ 12 കാമറകള്‍ സ്ഥാപിക്കപ്പെട്ടതില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആറെണ്ണം മാത്രമാണ്. ബാക്കിയുള്ളവ നിസ്സാര അറ്റകുറ്റ പണികളിലൂടെ പ്രവര്‍ത്തിപ്പിക്കാനാവുമെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
രണ്ടര വര്‍ഷം മുമ്പ് ആഭ്യന്തര വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത സിസി ടിവി കാമറ സിസ്റ്റം പരിപാലിക്കുന്നതിനായി മാള കേബിള്‍ വിഷനേയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. നേരത്തെ തന്നെ അവര്‍ക്ക് 80,000 രൂപ നല്‍കാനുണ്ട്. കൂടാതെ വര്‍ഷം തോറും അറ്റകുറ്റപണിക്കായി 10,000 രൂപയും നല്‍കണം. ഇത് നല്‍കാതിരുന്നതിനാല്‍ അറ്റകുറ്റ പണി നടക്കാതെ 11 കാമറകളും പ്രവര്‍ത്തന രഹിതമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 6000 രൂപയും ലയണ്‍സ് ക്ലബ്ബിന്‍െയും റോട്ടറി ക്ലബ്ബിന്റെയും 3000 രൂപയും കൊടുത്തതോടെയാണ് പകുതി കാമറകള്‍ പ്രവര്‍ത്തന ക്ഷമമായത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളെല്ലാം സഹകരിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും എസ്ബിഐയ്യും ഫെഡറല്‍ ബാങ്കും കാനറ ബാങ്കും മാത്രമാണ് സഹകരിക്കുന്നത്.
കാമറകള്‍ സ്ഥാപിക്കുന്ന വേളയില്‍ താല്‍പ്പര്യമുണ്ടായിരുന്ന എംഎല്‍എ അടക്കമുള്ളവര്‍ പിന്നീട് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. കാമറകള്‍ സ്ഥാപിച്ച വേളയില്‍ സുരക്ഷിത ബോധമുണ്ടായിരുന്ന ബിസിനസ്സുകാരും മറ്റുമിപ്പോള്‍ ആശങ്കാകുലരാണ്. കൊടുക്കാനുള്ള കുടശ്ശിക തുകയുടെ കാര്യത്തിലും വര്‍ഷാവര്‍ഷം വരുന്ന ചിലവിന്റെ കാര്യത്തിലും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്.
Next Story

RELATED STORIES

Share it