kannur local

മാലൂരില്‍ തണല്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചു

ഉരുവച്ചാല്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നാടെങ്ങും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ മാലൂര്‍ മള്ളന്നൂരില്‍ നാലുവര്‍ഷം പ്രായമായ ഇരുപതില്‍പരം തണല്‍മരം കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. താളിക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വോള്‍ക്കാനോ സ്‌പോര്‍ട്‌സ് ക്ലബ്ബും മാലൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസും സംയുക്തമായാണ് നാലുവര്‍ഷം മുമ്പ് കുണ്ടേരി പൊയില്‍ കരേറ്റ റോഡരികില്‍ കെ സി നഗര്‍ മുതല്‍ പട്ടാരി ഖാദി കേന്ദ്രംവരെ രണ്ട് കിലോമീറ്ററില്‍ തണല്‍മരങ്ങള്‍ വച്ചു പിടിപ്പിച്ചത്.
വേനല്‍ക്കാലങ്ങളില്‍ ഫോറസ്റ്റ് അധികൃതരുടെ സഹകരണത്തോടെ വാഹനങ്ങളിലും മറ്റും വെള്ളം കൊണ്ടുവന്ന് നനച്ചാണു പ്രദേശത്തെ ഇരുപതിലധികം ക്ലബ് അംഗങ്ങളായ യുവാക്കള്‍ തണല്‍മരങ്ങള്‍ സംരക്ഷിച്ചിരുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ മറ്റ് സംഘടനകളുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്ത ഒരു കൂട്ടായ്മയാണ് വോള്‍ക്കാനോ ക്ലബ് എന്നും പരിസ്ഥിതിയെ സംരക്ഷിച്ചു നാടിന് തണലായി മാറേണ്ട മരങ്ങള്‍ വെട്ടിനശിപ്പിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ രീതിയിലുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it