World

മാലിയില്‍ ദുരിത ജീവിതവുമായി 2,50,000 അനാഥക്കുട്ടികള്‍

ബമാക്കോ: നാലു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുദ്ധം സൃഷ്ടിച്ചത് 2,50,000ത്തോളം അനാഥരെ. സര്‍ക്കാരും വിഘടനവാദികളും അല്‍ ഖാഇദയും തമ്മിലുള്ള രൂക്ഷമായ പോരാട്ടമാണ് ഇത്രയധികം കുഞ്ഞുങ്ങളെ അനാഥരാക്കിയത്.
അനാഥരായ നിരവധി കുഞ്ഞുങ്ങള്‍ കഴിയുന്ന മാലി-മോറിത്താനിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ അവസ്ഥ അതി ദയനീയമാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അക്രമങ്ങളില്‍ മാതാപിതാക്കളെ നഷ്ടമായി തീര്‍ത്തും ഒറ്റപ്പെട്ട പതിനായിരക്കണക്കിനു പേര്‍ ക്യാംപിലുണ്ടെന്നാണ് അവിടത്തെ നഴ്‌സായ അല്‍ബര്‍ക്ക് വലദ് അല്‍ഹസന്‍ പറഞ്ഞത്. അഭയാര്‍ഥികളില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരും കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടതും ഇവര്‍ക്കാണെന്നും അല്‍ബര്‍ക്ക് അഭിപ്രായപ്പെട്ടു.
മോറിത്താനിയന്‍ അഭയാര്‍ഥി ക്യാംപിലെ അവസ്ഥ അതിദയനീയമാണ്. വേണ്ടത്ര സഹായം എവിടെ നിന്നും ലഭിക്കുന്നില്ല. അനാഥരെ സംരക്ഷിക്കുന്ന സന്നദ്ധസംഘടനകളൊന്നും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിധവയായ മറിയം വലദ് മഹ്മൂദ് പറഞ്ഞു. അനാഥര്‍ക്ക് എന്തു വാഗ്ദാനം ചെയ്താലും അതൊന്നും അധികമാവില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് നാലു മക്കളെയുമായി സഹായം തേടി ഇവിടേക്ക് ഓടിപ്പോന്നതെന്നും ദിവസങ്ങളോളം പട്ടിണി കിടന്നപ്പോഴാണ് ഭക്ഷണവും സുരക്ഷയും തേടി അഭയാര്‍ഥി ക്യാംപിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it