kozhikode local

മാലിന്യ സംസ്‌കരണം; പ്രത്യേക പദ്ധതി നടപ്പാക്കാന്‍ വൈകുന്നു

വടകര: നഗരസഭയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മാലിന്യ പ്രശ്‌നം. മാറി വരുന്ന മുനിസിപ്പല്‍ ഭരണാധികാരികള്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന പ്രസ്ഥാവനകള്‍ നടത്തുമെങ്കിലും ഇവ വാക്കില്‍ മാത്രം ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് ഇന്നു വരെ വടകരയില്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ നിലവില്‍ വന്ന പുതിയ ഭരണസമിതി ചെയര്‍മാനും മാലിന്യ സംസ്‌കരണ പദ്ധതിക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുക എന്ന പ്രസ്ഥാവന മറക്കാതെ നിര്‍വഹിച്ചിട്ടുണ്ട്.
മാലിന്യങ്ങള്‍ അതാത് പ്രദേശങ്ങളിലെ റോഡുകളിലെ ഇരുവശങ്ങളിലായിട്ടാണ് ഇപ്പോള്‍ നാട്ടുകാരും കച്ചവടക്കാരൊക്കെ നിക്ഷേപിക്കുന്നത്. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് തന്നെ ഭീഷണിയാവുമെന്ന് മുമ്പ് തന്നെ വടകരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള മുനിസിപ്പല്‍ അധികൃതരുടെ കാലങ്ങളായുള്ള തീരുമാനങ്ങളാണ് ഇപ്പോഴും വൈകിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതി മാലിന്യ പ്രശ്‌നത്തിന് വിവിധ തരത്തിലുള്ള പരിഹാര ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും തന്നെ ത്വരിതപ്പെടുത്തിയെടുക്കുന്നതില്‍ നഗരസഭ പരാജയപ്പെടുകയാണ് ചെയ്തത്.
രൂക്ഷമായ പ്രശ്‌നം ഉടലെടുത്ത സമയത്ത് കഴിഞ്ഞ ഭരണസമിതി ചെയര്‍മാനായിരുന്ന രഞ്ജിനി ടീച്ചറുടെ അധ്യക്ഷതയില്‍ ടൗണിലെ കച്ചവടക്കാരും വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് യോഗം കൂടുകയും ചെയ്തിരുന്നു. യോഗത്തില്‍ സമഗ്ര അഴുക്കുചാല്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പഠന റിപോര്‍ട്ട് രണ്ട് മാസത്തിനകം ലഭിക്കുമെന്നുമാണ് ചെയര്‍മാന്‍ അന്ന് അറിയിച്ചിരുന്നത്.
നഗരസഭാ പ്രദേശത്ത് പൈപ്പ് കംമ്പോസ്റ്റ് വ്യാപകമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്‌ക്കരണത്തെ പ്രോല്‍സാഹിപ്പിക്കാനാണ് തീരുമാനം. നിലവില്‍ മാലിന്യ സംസ്‌ക്കരണം വിജയകരമായി നടത്തുന്ന നാദാപുരം ഗ്രാമ പ്പഞ്ചായത്തിലെ പദ്ധതിയെ കുറിച്ച് പഠിക്കുമെന്നും അന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. പഠനം നടത്തിയിട്ടും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും മാലിന്യ പ്രശ്‌നം അതേപടി തുടരുന്ന കാഴ്ചയാണ് വടകരയില്‍.
വടകര ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം കുമിഞ്ഞു കൂടിയതാണ് ഇവിടേക്കുള്ള മാലിന്യ വണ്ടിയുടെ യാത്ര നിലച്ചത്. മാത്രമല്ല വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച മാലിന്യം കൊണ്ടിടാനുള്ള ബോക്‌സുകള്‍ ഇപ്പോള്‍ കാണാത്തതാണ് റോഡുകളില്‍ മാലിന്യം കൊണ്ടിടാന്‍ കാരണമായിരിക്കുന്നത്. ഇതിനൊക്കെ പരിഹാരമായി മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ ഭരമസമിതി ലക്ഷങ്ങള്‍ മുടക്കി കൗണ്‍സിലിലെ മെമ്പര്‍മാരെ പഠനത്തിനായി നിയമിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയും പഠനവും പണവും മുടങ്ങിയന്നതെല്ലാതെ പദ്ധതി ഒന്നും തന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
മറ്റ് പ്രദേശങ്ങളിലെ പഞ്ചായത്ത്-മുനിസിപ്പല്‍ ഭരണാധികാരികള്‍ വളരെ വ്യത്യസ്ഥമായ പദ്ധതികള്‍ കൊണ്ട് വന്ന് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമ്പോഴാണ് വടകര മുനിസിപ്പല്‍ അധികൃതരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കുന്നത്.
മാലിന്യ സംസ്‌കരണം കൊണ്ട് വിവിധ തരത്തിലുള്ള വളങ്ങള്‍ നിര്‍മിച്ച് കയറ്റി അയച്ച് വരുമാന മാര്‍ഗ്ഗം കാണുന്ന പഞ്ചായത്തും നമ്മുടെ തൊട്ടടുത്ത ജില്ലകളില്‍ ഉണ്ട്. ന്യൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം ചെയ്ത് വളമുണ്ടാക്കിയാല്‍ ഉപയോഗത്തിന്റെ മുതല്‍ മുടക്ക് വളം വില്‍പ്പന നടത്തുന്നതില്‍ ലഭിക്കുമെന്നും തെളിയിച്ച പഞ്ചായത്തുമുണ്ട്.
ഡെങ്കിപ്പനി, വൃക്കരോഗം എന്നിങ്ങനെയുള്ള ഗുരുതര രോഗങ്ങളില്‍ വടകരക്കാര്‍ മുന്നിലാണെന്ന സത്യം മറന്നു കൊണ്ടുള്ള മുനിസിപ്പല്‍ അധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ പ്രതിഷേധം ഉളവാക്കിയിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തന രംഗത്ത് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഭരണ സംവിധാനമാണ് കാഴ്ചവയ്ക്കുക എന്ന പ്രസ്ഥാവനകള്‍ വടകരക്കാര്‍ക്ക് എന്നും ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാവുമോ എന്ന ഭീതിയിലാണ് മാലിന്യം കൊണ്ട് പൊറുതി മുട്ടിയ വടകരയിലെ ജനങ്ങള്‍.
Next Story

RELATED STORIES

Share it