Kottayam Local

മാലിന്യ സംസ്‌കരണം; എരുമേലി പഞ്ചായത്തിനെതിരേ നടപടി ഇന്നുണ്ടായേക്കും

എരുമേലി: മാലിന്യ സംസ്‌കരണത്തിലെ പിഴവുകള്‍ പരിഹരിക്കാത്തതിനാല്‍ എരുമേലി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കെതിരേ ജില്ലാ ഭരണകൂടം കടുത്ത നടപടികളിലേക്ക്. ഇന്ന് കലക്ടറേറ്റില്‍ ചേരുന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിലാണ് പഞ്ചായത്തിനെതിരേ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
ശബരിമല സീസണിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്തതും കഴിഞ്ഞ സീസണിലേതടക്കം മാലിന്യങ്ങള്‍ എരുമേലി കമുകിന്‍കുഴിയിലെ യൂനിറ്റില്‍ കെട്ടിക്കിടക്കുന്നതുമാണ് നടപടിള്‍ക്ക് കാരണമായിരിക്കുന്നത്. കൂടാതെ യൂനിറ്റില്‍ തൊഴിലാളികള്‍ക്കു ഉപയോഗിക്കാനും മാലിന്യ സംസ്‌കരണത്തിനും ആവശ്യത്തിനും വെള്ളമില്ല. തൊഴിലാളികള്‍ക്കു ശൗചാലയവും നിര്‍മിച്ചു നല്‍കിയിട്ടില്ല. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം പരിസരവാസികളില്‍ പലരും രോഗങ്ങള്‍ക്ക് ചികില്‍സയിലാണ്.
കഴിഞ്ഞയിടെ രണ്ട് തവണ കലക്ടര്‍ എരുമേലിയിലെത്തി യൂനിറ്റ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു സന്ദര്‍ശനം നടത്തി. കുടിവെള്ളം ലഭ്യമാക്കണമെന്നും ശൗചാലയം നിര്‍മിക്കണമെന്നും ഉടന്‍ സംസ്‌കരണം നടത്തണമെന്നും കലക്ടറും സ്‌പെഷ്യല്‍ കമ്മീഷണറും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 11ന് കലക്ടറുടെ ചേംബറില്‍ നടന്ന ഹിയറിങില്‍ പഞ്ചായത്ത് അധികൃതരും പങ്കെടുത്തിരുന്നു.
എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് ദുരന്തനിവാരണ സമിതി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. 17ന് എരുമേലിയിലെത്തി യൂനിറ്റ് സന്ദര്‍ശിക്കാന്‍ ജില്ലാ കലക്ടര്‍ എത്തുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പായില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാവുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it