Kottayam Local

മാലിന്യ നിര്‍മാര്‍ജനത്തില്‍ നിസ്സഹകരണം; മെഡി. കോളജ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

ആര്‍പ്പുക്കര: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും കലക്ടര്‍ ഇടപ്പെട്ട് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുമായി സഹകരിക്കാതിരുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം.
ആശുപത്രി കോംപൗണ്ടിലും ആശുപത്രിക്കകത്തും വിവിധതരം മാലിന്യങ്ങള്‍ അശ്രദ്ധമായി നിക്ഷേപിച്ചതായി കണ്ടെത്തിയ കലക്ടര്‍ സ്വാഗത് ഭണ്ഡാരിയാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബ്ബിന് നിര്‍ദേശം നല്‍കിയത്.
മാലിന്യം കുന്നുകൂടുന്നതായുള്ള പരാതിയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കലക്ടര്‍ മെഡിക്കല്‍ കോളജിലെത്തി ആശുപത്രി അധികൃതരെയും ജീവനക്കാരെയും കണ്ട് വിവരം സംസാരിക്കുകയും മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കണമെന്നും നിര്‍മാര്‍ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച ബോധവല്‍ക്കരണം രോഗിക്കള്‍ക്കും മറ്റും നല്‍കുന്നതിനു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിയെ പ്ലാസ്റ്റിക് രഹിത കാംപസായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മെഡിക്കല്‍ കോളജിലെത്തിയ കലക്ടര്‍ നടത്തിയ പരിശോധനയില്‍ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. മെഡിക്കല്‍കോളജ് ആശുപത്രിയിലെ എല്ലാത്തരം മാലിന്യവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവരില്‍ തുടര്‍ന്നും അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ സമീപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനുമുമ്പ് മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് മെഡിക്കല്‍ കോളജ് വികസന അതോറിറ്റി യോഗം ജൂണ്‍ ഏഴിന് കലക്ടറേറ്റില്‍ ചേരും. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ കെ വൈ ജോണ്‍സണ്‍, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ കെ ഗോപാലന്‍ എന്നിവരും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോസ്ഥരും കലക്ടറോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it