wayanad local

മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തം; നാട്ടുകാര്‍ ദുരിതത്തില്‍

പനമരം: കേണിച്ചിറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തം മൂലം നാട്ടുകാര്‍ ബുദ്ധിമുട്ടിലായി. മാസങ്ങളായി കൂടിക്കിടന്ന പ്ലാസ്റ്റിക്, ടയര്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.
മാലിന്യകൂമ്പാരത്തില്‍ നിന്നുയര്‍ന്ന പുക ശ്വസിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കേണിച്ചിറ പോലിസും തീയണച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാലിന്യ കേന്ദ്രത്തില്‍ ചെറിയ തോതില്‍ തീ പടര്‍ന്നത് പരിസരവാസികള്‍ കണ്ടത്. ഇന്നലെ രാവിലെയോടെ ഇത് നിയന്ത്രണാതീതമായി.
തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയതോടെയാണ് തീയണക്കാന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്‌സിന് ടൗണിലെ ഇടുങ്ങിയ റോഡിലൂടെ വേഗത്തില്‍ എത്താന്‍ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കി. ടൗണില്‍ വാഹനം നിറുത്തി തോട്ടത്തിലൂടെ പൈപ്പ് ഇട്ടാണ് തീ കെടുത്തിയത്. മണിക്കൂറുകളോളം കത്തിയ പ്ലാസ്റ്റിക് മാലിന്യം മൂലം കാര്‍ബണ്‍മോണോക്‌സൈഡ് വാതകമുള്‍പ്പെടെ അന്തരീക്ഷത്തില്‍ പടര്‍ന്നു. ബുദ്ധിമുട്ടിലായവര്‍ കേണിച്ചിറ പിഎച്ച്‌സിയില്‍ ചികില്‍സ തേടി. കേണിച്ചിറ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന മാലിന്യനിക്ഷേപ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നു. ചിരട്ടയമ്പം റോഡിലാണ് മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. മാലിന്യ നിക്ഷേപ കേന്ദ്രം ജനവാസകേന്ദ്രത്തില്‍ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കാനാട്ട്, ബിനിഷ് നിരപ്പേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
Next Story

RELATED STORIES

Share it