kannur local

മാലിന്യ നിക്ഷേപം തടയാന്‍ നടപടി; കര്‍ശന നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് നല്‍കി

ഇരിട്ടി: ടൗണിന്റെ പിന്നാമ്പുറങ്ങളിലെ പഴശ്ശി പദ്ധതി പ്രദേശങ്ങളില്‍ മാലിന്യം തള്ളുകയും മലിന ജലമൊഴുക്കി വിടുകയും ചെയ്യുന്ന ഹോട്ടലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരേ നടപടി.
ആരോഗ്യവകുപ്പും ഇരിട്ടി നഗരസഭയും സംയുക്തമായി പരിശോധന നടത്തി. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണു പരിശോധന. ഇരിട്ടി പട്ടണത്തില്‍ പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിരവധി ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ തുടങ്ങിയവയില്‍ നിന്നു ഒഴുക്കുന്ന മലിനജലം മുഴുവന്‍ പദ്ധതി പ്രദേശത്തേക്കാണു തുറന്നു വിടുന്നതെന്നു ഏറെക്കാലമായി പരാതി ഉയര്‍ന്നിരുന്നു.
കൂടാതെ പഴക്കടകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, അറവു ശാലകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള പാഴ്‌വസ്തുക്കളും മാലിന്യങ്ങളും രാത്രിയുടെ മറവിലും മറ്റും ജലാശയത്തില്‍ കൊണ്ട് തള്ളുന്നതും പതിവാണ്. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ഇരിട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
ഹോട്ടലുകളില്‍ നിന്നും മറ്റും മലിനജലം ജലാശയത്തിലേക്ക് തുറന്നു വിടുന്നവര്‍ക്കെതിരേ സംഘം കര്‍ശന നിര്‍ദേശങ്ങളോടെ നോട്ടീസ് നല്‍കി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ പ്രകാശന്‍, വിജയരാജന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി പി ഉസ്മാന്‍, പി വി പ്രേമവല്ലി, പി വി മോഹനന്‍, കെ മുഹമ്മദലി, റുബീന റഷീദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
അതേ, സമയം മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം ഇരിട്ടി നഗരത്തില്‍ 28ന് നടക്കും. ആരോഗ്യവകുപ്പിന്റെയും ഇരിട്ടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ വ്യാപാരി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഇതു സംബന്ധിച്ച് ഇരിട്ടിയില്‍ നടന്ന ആലോചനായോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷത വഹിച്ചു. 28നു രാവിലെ ആരംഭിക്കുന്ന ശുചീകരണ യജ്ഞം വൈകീട്ട് വരെ തുടരും. കൂളിചെമ്പ്ര മുതല്‍ ഇരിട്ടി പാലം വരെ പട്ടണത്തിന്റെ മുഴുവന്‍ ഇടങ്ങളും 14 ഗ്രൂപ്പുകളായി ശുചീകരണം നടത്തും.
Next Story

RELATED STORIES

Share it