thiruvananthapuram local

മാലിന്യസംസ്‌കരണത്തിനു പുതിയ പദ്ധതിയുമായി വര്‍ക്കല നഗരസഭ

വര്‍ക്കല: നഗരമധ്യത്തില്‍ രൂക്ഷമായി തുടരുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി നഗരസഭ. തുമ്പൂര്‍ മോഡല്‍ എയറോബിന്നുകള്‍ സ്ഥാപിച്ചാണ് പ്രശ്‌നപരിഹാരം ലക്ഷ്യമിടുന്നത്.
പ്രാരംഭഘട്ടം എന്ന നിലയില്‍ നഗരമധ്യത്തില്‍ നാലു ബിന്നുകള്‍ സ്ഥാപിക്കും. ഒരു ബിന്‍ സ്ഥാപിക്കാന്‍ 8 ലക്ഷം രൂപ വേണ്ടിവരും. പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ എസ് അനിജോ എന്നിവര്‍ പറഞ്ഞു.
പദ്ധതിക്ക് പൊതുസ്വീകാര്യത ലഭിക്കുന്ന മുറയ്ക്ക് പരിസരപ്രദേശങ്ങളിലെ നിര്‍ണായക ഇടങ്ങളിലും ഇവ സ്ഥാപിക്കും. പ്രദേശവാസികളുടെ കൂട്ടുത്തരവാദിത്തത്തോടെ പരിപൂര്‍ണ പിന്തുണ തേടിയ ശേഷമേ പദ്ധതി പ്രാവര്‍ത്തികമാക്കുകയുള്ളു. അതേ സ്ഥലത്ത് മാലിന്യങ്ങള്‍ പരിമിതപ്പെടുത്തി മാത്രമേ സംസ്‌കരിക്കുകയുള്ളൂ എന്നതാണ് സംരംഭത്തിന്റെ സവിശേഷത.
പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ലാത്ത നൂറുശതമാനം സുതാര്യമായ പദ്ധതിയാണിത്. തിരുവനന്തപുരം നഗരത്തില്‍ ജഗതി ഉള്‍പ്പെടെയുള്ള ജനവാസമേഖലകളില്‍ ഇതിനോടകം സ്ഥാപിച്ച എയറോബിന്‍ പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ച് മുന്നേറുകയാണ്.
കഞ്ചാശ്രമത്തെ ചവര്‍ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പരിപൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ സംരംഭം അനിവാര്യമായതെന്നും, ജനപിന്തുണയും പങ്കാളിത്തപരമായ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും നഗരസഭാ ഭരണസമിതി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it