malappuram local

മാലിന്യമുക്ത തിരൂര്‍: പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങി

തിരൂര്‍: കൊട്ടിഘോഷിച്ച് തിരൂര്‍ നഗരസഭാ ഭരണ സമിതി തുടങ്ങി വച്ച ''എന്റെ തിരൂര്‍ സുന്ദര നഗരം ' നഗരമാലിന്യ മുക്ത പദ്ധതി ഉദ്ഘാടത്തിലൊതുങ്ങി. മൂന്നു മാസം മുമ്പ് അധികാരമേറ്റ ഇടതുഭരണ സമിതി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം മാസങ്ങള്‍ക്കകം നിറവേറ്റുന്നുവെന്ന രീതിയിലാണ് കൊട്ടിഘോഷിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഉല്‍സവ സമാനമായ അന്തരീക്ഷത്തില്‍ പ്രമുഖ സിനിമാ നടന്‍ മാമുക്കോയയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അന്നു മുതല്‍ തന്നെ ഭരണ സമിതി അനുകൂല രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജന വിഭാഗവും മുതിര്‍ന്ന നേതാക്കളും ആവേശത്തോടെയാണു മാലിന്യ നിര്‍മാര്‍ജന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മുണ്ടുമടക്കി രംഗത്തിറങ്ങിയത്. നഗരസഭാ മല്‍സ്യ മാര്‍ക്കറ്റ് പരിസരവും അനുബന്ധ ഓടകളില്‍ നിന്നും ആദ്യം മാലിന്യം നീക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവൃത്തി ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷവും ഇപ്പോഴത്തെ ഭരണ പക്ഷവുമായ ഇടതുപക്ഷം പ്രധാനമായും ഉന്നയിച്ചത് നഗരമാലിന്യ പ്രശ്‌നമായിരുന്നു നഗരമാലിന്യം. പുഴയിലേക്ക് ഒഴുകിയെത്തുന്ന കാനകള്‍ മല്‍സ്യ മാര്‍ക്കറ്റ് പരിസരത്തെയും മറ്റും പുഴുവരിക്കുന്ന മാലിന്യകൂമ്പാരങ്ങളും ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനായി ഡോക്യുമെന്ററിയും തയ്യാറാക്കി ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ പ്രചരണമാണ് നഗരസഭയില്‍ ഭരണമാറ്റത്തിന്റെ പ്രധാന കാരണവും.
തിരഞ്ഞെടുപ്പ് വരാനിരിക്കെ നടന്ന ഇടതു സമരങ്ങളും മാലിന്യം, നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു. മല്‍സ്യ മാര്‍ക്കറ്റിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ യുഡിഎഫ്ഭരണ സമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് ശുചീകരണ പ്ലാന്റും നിര്‍മിച്ചിരുന്നു. പ്ലാന്റ് പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ഇടതുപക്ഷം പ്ലാന്റിനെതിരെ സമരം നടത്തി റീത്ത് വെച്ചിരുന്നു.
എന്നാല്‍ ഇടതുപക്ഷം ഭരണത്തിലേറി മൂന്നു മാസം പിന്നിച്ചിട്ടും ശുചീകരണ പ്ലാന്റിന് പുതു ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല. സമരം പോലെയല്ല ഭരണം എന്ന തിരിച്ചറിവ് ഇതിനകം ഇതി ല്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഈ വിഷയം നിയമസഭാ തിരെഞ്ഞെടുപ്പിലും തിരൂരിനെ പിടിച്ചുലയ്ക്കും.
Next Story

RELATED STORIES

Share it