മാലിന്യനിര്‍മാര്‍ജനം; ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കണമെന്ന് പഠനകോണ്‍ഗ്രസ് രേഖ

തിരുവനന്തപുരം: മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയപ്രസ്ഥാനത്തിന് രൂപംനല്‍കണമെന്ന് നാലാം കേരള പഠന കോണ്‍ഗ്രസ് രേഖ. നഗര, ഗ്രാമ അന്തരം അതിവേഗം കുറഞ്ഞുവരുന്ന കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് പരിസരമലിനീകരണം.
സംസ്ഥാനത്തെ ജലാശയങ്ങളും മണ്ണും പ്രാണവായുവും വന്‍തോതില്‍ മലിനമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജനത്തിന്റെ അഭാവം കൊതുക്, എലി, തെരുവുനായ്ക്കള്‍ എന്നിവ പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതിനും കാരണമാവുന്നു. വ്യാവസായിക നഗരങ്ങളില്‍ മാത്രമല്ല മറ്റു നഗരങ്ങളിലും അന്തരീക്ഷവായുവും മലിനീകരണത്തിനു വിധേയമാവുന്നു. മുമ്പ് നഗരങ്ങളുടെ മാത്രം പ്രശ്‌നമായിരുന്ന പരിസരമലിനീകരണം ഇന്ന് ചെറുകിട, ഇടത്തരം നഗരങ്ങളുടെയും പഞ്ചായത്തുകളുടെയും അടിയന്തരശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മാലിനിര്‍മാര്‍ജനം ഒരു ജനകീയപ്രസ്ഥാനമായി ഏറ്റെടുത്തില്ലെങ്കില്‍ കേരളം വലിയ വിപത്തിനെ നേരിടേണ്ടിവരുമെന്നും രേഖ മുന്നറിയിപ്പു നല്‍കുന്നു.
നഗരവല്‍ക്കരണത്തിന്റെ ആക്കംകൂടിയതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മാലിന്യപ്രശ്‌നം ഇത്രയും രൂക്ഷമാക്കി മാറ്റിയതെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയില്‍ 16 ശതമാനം മാത്രം വരുന്ന നഗരപ്രദേശങ്ങളില്‍ 50 ശതമാനം ജനങ്ങള്‍ അധിവസിക്കുന്നയിടത്ത് മാലിന്യത്തിന്റെ അളവു വര്‍ധിച്ചിട്ടുണ്ട്.
ജീവിതശൈലിയില്‍ വന്ന മാറ്റവും പായ്ക്കറ്റ് ഭക്ഷണ സംസ്‌കാരവും മറ്റു കാരണങ്ങളാണ്. ഓരോ കേരളീയനും പ്രതിദിനം ശരാശരി 250 ഗ്രാം മാലിന്യം ഉല്‍പാദിപ്പിക്കുന്നു. കോര്‍പറേഷന്‍ പ്രദേശത്ത് ഇത് 465 ഗ്രാമും പഞ്ചായത്തുകളില്‍ 191 ഗ്രാമും ആണ്. 2006ലെ കണക്കു പ്രകാരം കോര്‍പറേഷനുകളില്‍ 1683 ടണ്ണും മുനിസിപ്പാലിറ്റികളില്‍ 785 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്ണും മാലിന്യം ഉല്‍പാദിപ്പിക്കുന്നു.
പ്രതിവര്‍ഷം 1.4 ശതമാനം വര്‍ധന ഇതില്‍ വരുന്നതായി കണക്കാക്കുന്നു. കേരളത്തിലെ പ്രതിദിന മാലിന്യ ഉല്‍പാദനം ഏതാണ്ട് 8000 ടണ്ണാണ്. ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളത്തില്‍ മാലിന്യപരിപാലനത്തിനായി ജനങ്ങളുടെ നേതൃത്വത്തില്‍ ഒരു കര്‍മപരിപാടിക്ക് രൂപംനല്‍കണമെന്ന് രേഖ പറയുന്നു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ഒരു പ്രസ്ഥാനത്തിന് രൂപംനല്‍കണം. ഖര ജല മാലിന്യ നിര്‍മാര്‍ജനവും വായു മലിനീകരണ നിയന്ത്രണവും മലിനീകരണത്തിനെതിരായ ജനജാഗ്രതാ ബോധവും വളര്‍ത്തിയെടുക്കാന്‍ ഗ്രാമസഭകള്‍, വാര്‍ഡുസഭകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും രേഖ പറയുന്നു.
Next Story

RELATED STORIES

Share it