ernakulam local

മാലിന്യക്കൂമ്പാരം: തീര്‍ത്ഥാടന കേന്ദ്രമായ കാലടി ചീഞ്ഞ് നാറുന്നു

കാലടി: തീര്‍ത്ഥാടന കേന്ദ്രമായ കാലടി ചീഞ്ഞ് നാറുന്നു. ടൗണില്‍നിന്ന് ആദിശങ്കര ജന്മഭുമി ക്ഷേത്രത്തിലേക്കും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കും പോവുന്ന വഴിയിലാണ് മാലിന്യക്കൂമ്പാരം. മലയാറ്റൂര്‍ റോഡില്‍ ജവഹര്‍ തിയേറ്ററിന് സമീപമാണ് റോഡരികില്‍ അറവുശാലകളില്‍നിന്നുള്ളതുള്‍പ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തതോടെ ആഴ്ച്ചകളായി ആരും നീക്കംചെയ്യാതെ കിടക്കുന്ന ചീഞ്ഞ നിലയിലുള്ള മാലിന്യ കൂമ്പാരത്തില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണുയരുന്നത്.
മൂക്ക് പൊത്താതെ ഇതുവഴി സഞ്ചരിക്കാനാവാത്ത അവസ്ഥയാണുള്ളത്. റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനമുള്ള ഇവിടെ അസോസിയേഷനുകളില്‍ അംഗത്വമുള്ളവരും വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നുണ്ട്. കെഎസ്ഇബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെയും ശ്രീ ശങ്കര ഡാന്‍സ് സ്‌കൂള്‍, സംസ്‌കൃത സര്‍വകലാശാല, ബ്രഹ്മാനന്ദോയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണിത്.
മലയാറ്റൂര്‍ തീര്‍ത്ഥാടകരും പോവുന്ന പ്രധാന വഴികൂടിയാണ്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ടൗണിലെ ഹോട്ടലുകളും ബേക്കറികളും മാത്രം വല്ലപ്പോഴും പരിശോധിക്കാനും അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമകളില്‍നിന്ന് പണ പിരിവ് നടത്താനും മാത്രമായി ഒതുങ്ങിയതായും ജോലി സമയത്ത് മദ്യപിച്ച് വരുകയും പരാതി പറയാന്‍ എത്തുന്നവരെ അസഭ്യം പറയുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും തയ്യാറാവണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. രാത്രി കാലങ്ങളിലാണ് പാതയോരത്ത് മാലിന്യം തള്ളുന്നത്. കാലടി പോലിസ് സ്റ്റേഷന്‍ ഇവിടെനിന്ന് 100 മീറ്റര്‍ മാത്രം മാറിയാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യം നീക്കംചെയ്ത് പോലിസ് പട്രോളിങ് നടത്തി സാമൂഹികവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it