മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഹോട്ടലിന്റെ മാലിന്യക്കുഴിയില്‍ മാന്‍ഹോളിലൂടെ ഇറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കാണക്കാരി സൂര്യക്കുന്നേല്‍ (തേക്കടന്‍കുഴി) ബിനോയ് ജോസഫ് (35), വേദഗിരി ചാത്തമല ഭാഗത്ത് മാങ്കോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജോമോന്‍ (48) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കാണക്കാരിയിലെ ഗ്രേസ് ഹോട്ടലിനു മുന്നിലുള്ള മാലിന്യക്കുഴി വൃത്തിയാക്കുന്നതിനും പൈപ്പിടുന്നതിനുമായി ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
സുഹൃത്ത് വേദഗിരി മാങ്കോട്ടില്‍ അനൂപിനോടൊപ്പം 12.30 മണിയോടെയാണ് ഇവര്‍ ജോലികള്‍ ആരംഭിച്ചത്. ആദ്യമിറങ്ങിയ ജോമോന്‍ കുഴിയില്‍ അനങ്ങാതെ കിടക്കുന്നത് കണ്ട് ബിനോയിയും പിന്നാലെ ഇറങ്ങി. ശ്വാസം മുട്ടി ബിനോയിയും കുഴഞ്ഞു വീണു. അനീഷ് എത്തി നോക്കിയപ്പോഴാണ് ഇരുവരും കുഴിയില്‍ അകപ്പെട്ടത് അറിഞ്ഞത്. ഗോവണിയിലൂടെ തന്നെ താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ച അനീഷ് പകുതിയെത്തിയപ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചുകയറി.
നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആര്‍ക്കും കുഴിയിലേക്കിറങ്ങാന്‍ ധൈര്യമുണ്ടായില്ല. ഈസമയം മരംവെട്ടു തൊഴിലാളികളായ കാണക്കാരി സ്വദേശി ബിജു, കടപ്ലാമറ്റം സ്വദേശി ജോസ്, നഴ്‌സായ കാണക്കാരി പാലമൂട്ടില്‍ ജയ്‌സണ്‍ എന്നിവര്‍ കുഴിയിലിറങ്ങി. ഇരുവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
കാണക്കാരി തട്ടാകുളങ്ങര കുടുംബാംഗം അനുമോള്‍ ആണ് ബിനോയിയുടെ ഭാര്യ. അങ്കണവാടി വിദ്യാര്‍ഥിയായ നോയല്‍ (3) ഏകമകനാണ്. പിതാവ്: ജോസഫ്, മാതാവ്: അന്നമ്മ. ഏറ്റുമാനൂര്‍ മാടപ്പാട്ട് ദേവസ്യ-മറിയമ്മ ദമ്പതികളുടെ മകനാണ് ജോമോന്‍. ഭാര്യ മേമ്മുറി സ്വദേശി മിനി. മക്കള്‍ സച്ചിന്‍ ജോമോന്‍ (കോട്ടയം സിഎംഎസ് കോളജ് വിദ്യാര്‍ഥി), ജോസ്മി (പ്ലസ്ടു വിദ്യാര്‍ഥിനി).
Next Story

RELATED STORIES

Share it