kozhikode local

മാലിന്യം നീക്കം ചെയ്യല്‍: നഗരസഭാ ജീവനക്കാരും വ്യാപാരികളും തമ്മില്‍ കൈയാങ്കളി

വടകര: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വഹാര്‍ത്താല്‍ പ്രഖ്യാപിച്ച് മാലിന്യം നീക്കം ചെയ്യാനെത്തിയ നഗരസഭാ ജീവനക്കാരും ചില വ്യാപാരികളും തമ്മില്‍ കയ്യാങ്കളി. ഇന്നലെ രാവിലെ പുതിയ ബസ്സ്റ്റാന്റിലാണ് സംഭവം. പുതിയ ബസ്സ്സ്റ്റാന്റ് ശുചിത്വപരിപാലന സമിതിയിലെ മര്‍ച്ചന്റ് അസോസിയേഷനും, മറ്റു വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ പുതിയസ്റ്റാന്റ് പരിസരം മഴക്കാലത്തിന് മുമ്പായുള്ള ശുചീകരണം നടത്താന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ശുചീകരണം നടത്തിയതിന് ശേഷം കൂട്ടിയിട്ട മാലിന്യത്തില്‍ ചില സ്ഥാനപനങ്ങളിള്‍ സൂക്ഷിച്ച മാലിന്യവും കൊണ്ടിട്ടതാണ് പ്രശ്‌നത്തിന് കാരണമായത്. മാലിന്യം നീക്കം ചെയ്യാനെത്തിയ നഗരസഭ ജീവനക്കാര്‍ ചില വ്യാപാരികള്‍ സൂക്ഷിച്ച മാലിന്യവും ഇതില്‍ കൊണ്ടിട്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ മാലിന്യം നീക്കം ചെയ്യാന്‍ വിസമ്മതിക്കുകയാരുന്നു.
ഇതേ തുടര്‍ന്ന് ചില വ്യാപാരികളും നഗരസഭ ജീവനക്കാരും വാക്കേറ്റത്തിലേര്‍പ്പെടുകയും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. പ്രശ്‌നം തുടര്‍ന്നപ്പോള്‍ വടകര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജില്‍കുമാര്‍ സ്ഥലത്തെത്തി വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും സ്ഥാനപങ്ങളില്‍ സൂക്ഷിച്ച മാലിന്യം തിരിച്ചെടുക്കണമെന്ന തീരുമാനത്തിലെത്തിയതോടെയാണ് പ്രശ്‌നത്തിന് അയവ് വന്നത്.
തുടര്‍ന്ന് പരിസരത്ത് നിന്ന് ശേഖരിച്ച മാലിന്യം ജീവനക്കാര്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു.
Next Story

RELATED STORIES

Share it