palakkad local

മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

പാലക്കാട്: അന്യജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന രാസ-ജൈവ മാലിന്യങ്ങള്‍ ജില്ലയില്‍ പലയിടത്തും നിക്ഷേപിക്കുന്നതിനെതിരേ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയുടെ പലഭാഗത്തും മാലിന്യം നിക്ഷേപിച്ച് ജനജീവിതം  ദുസ്സഹമാകുന്നുണ്ട് എന്ന വി ചെന്താമരാക്ഷന്‍ എംഎല്‍എ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജില്ലാ കലക്ടര്‍. ആരോഗ്യ വകുപ്പ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പോലിസ് വകുപ്പുതലവന്മാരോട് മാലിന്യ നിക്ഷേപത്തിനെതിരേ കര്‍ശന നടപടികളെടുക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. കടപ്പാറ ഭൂമി വിതരണത്തെ സംബന്ധിച്ച് ആലത്തൂര്‍ എംഎല്‍എ എം  ചന്ദ്രന്റെ ചോദ്യത്തിന് 29ന് ഊരുകൂട്ടം കൂടി പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും 18 അപേക്ഷകളിലാണ് പട്ടയം നല്‍കുകയെന്നും പട്ടയം നല്‍കുന്നതിന് പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ലഭിച്ചാല്‍ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ കൊയ്ത്ത് 50 ശതമാനത്തോളം നടന്നു കഴിഞ്ഞതുകൊണ്ട് എത്രയും പെട്ടന്ന് നെല്ലു സംഭരണം നടത്തണമെന്ന്  കെ വി വിജയദാസ് എംഎല്‍എയും എം ചന്ദ്രന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. വയല്‍ നികത്തല്‍ നിയമം മുഖേന 2008ല്‍ 3000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1000 അപേക്ഷകള്‍ പരിഗണിച്ചതില്‍ അഞ്ച് സെന്റ് വയല്‍ നികത്തുന്നതിന് യോഗ്യരായവരെ കണ്ടെത്തി അനുമതി ഉടന്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍,  ക്രഷറുകള്‍ക്ക് എതിരെ നടപടിയെടുക്കുവാന്‍ വികസന സമിതി തീരുമാനിച്ചു.
ജിയോളജി വകുപ്പിന്റെയും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ നടപടിയെടുക്കുവാന്‍ വികസന സമിതി ശുപാര്‍ശ ചെയ്തു. സ്വയം പര്യാപ്ത ഗ്രാമം പദ്ധതി വഴി ആലത്തൂര്‍ പെലച്ചിരംകാട് കോളനി, എരിമയൂരിലെ കുണ്ടുകാട് കോളനി, പറളി, മണ്ണൂര്‍ കോളിനികളുടെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് എം ചന്ദ്രന്‍, കെ വി വിജയദാസ് എംഎല്‍എ മാര്‍ ആവശ്യപ്പെട്ടു. വികസനസമിതിയില്‍ എംഎല്‍എമാര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി സലാംമാസ്റ്റര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it